ഇരിങ്ങാലക്കുട: നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നഗരസഭയുടെ 2018-19 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. വിവിധ വാർഡുകളിൽ ഒമ്പത് മൊബൈൽ ഫോൺ ടവറുകൾ അനധികൃതമായി പ്രവർത്തിക്കുന്നതടക്കമുള്ള ക്രമക്കേടുകളാണ് 2020 ജൂൺ 25ന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
അനധികൃത ടവറുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട്, അനുമതി കൂടാതെ റിലയൻസ്, ജിയോ കമ്പനി കേബിൾ സ്ഥാപിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യാഥാർഥ്യബോധത്തോടെയല്ല ബജറ്റ് തയാറാക്കിയതെന്ന് പ്രതീക്ഷിത വരവു ചെലവും യഥാർഥ വരവും ചെലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടി റിപ്പോർട്ട് പറയുന്നു.
പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുന്നില്ല. നഗരസഭ കെട്ടിടങ്ങൾ, മൈതാനം എന്നിവ വാടകക്ക് നൽകാൻ ബൈലോ തയാറാക്കിയിട്ടില്ല. ബസ് സ്റ്റാൻഡ്, കംഫർട്ട് സ്റ്റേഷൻ, കിഴക്കേ മാർക്കറ്റ്, പടിഞ്ഞാറെ മാർക്കറ്റ്, ഈവനിങ് മാർക്കറ്റ്, ഗാന്ധിഗ്രാം ഗ്രൗണ്ട് എന്നിവയുടെ ലേല നടപടികൾ സുതാര്യമാക്കണം.
വിദ്യാർഥികൾക്കുള്ള സ്റ്റഡി റൂം പദ്ധതി നടത്തിപ്പിലെ അപാകതകളുടെ പേരിൽ 7,50,000 രൂപയുടെ വിതരണം തടഞ്ഞിട്ടുണ്ട്.
സിഡ്കോയിൽ നിന്ന് 3710 രൂപയുടെ 151 വാട്ടർ ടാങ്കുകൾ ടെൻഡർ കൂടാതെ വാങ്ങിയെന്നും തെരുവുവിളക്ക് അറ്റകുറ്റപ്പണി കരാർ വ്യവസ്ഥകളിൽ അവ്യക്തതകളുണ്ടെന്നും കരാർ പ്രകാരമുള്ള പ്രവൃത്തി ചെയ്തതിെൻറ കണക്കുകൾ ഹാജരാക്കുംവരെ ചെലവ് തുകയായ 43,96,430 രൂപ തടസ്സപ്പെടുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരുവുവിളക്കുകൾക്ക് വാർഡ് അടിസ്ഥാനത്തിൽ കണക്കുകളില്ലെന്നും നഗരസഭക്ക് അനുകൂലമല്ലാത്ത വ്യവസ്ഥകൾ കരാറിൽ ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. മരാമത്ത് പ്രവൃത്തികളിലും അപാകതകൾ കണ്ടെത്തി. കൈപ്പറ്റി ഒരു മാസത്തിനകം പ്രത്യേക യോഗം കൂടി റിപ്പോർട്ട് ചെയ്യണമെന്നും എടുത്ത തീരുമാനങ്ങളുടെ പകർപ്പ് പൊതുജനശ്രദ്ധക്കായി പ്രസിദ്ധപ്പെടുത്തണമെന്നും രണ്ട് മാസത്തിനകം ഓഡിറ്റ് പരാമർശങ്ങളും തടസ്സങ്ങളും നീക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് ഓഡിറ്റ് വിഭാഗത്തിലേക്ക് അയച്ച് കൊടുക്കണമെന്നും ജില്ല ഓഡിറ്റ് കാര്യാലയത്തിൽ നിന്ന് ജോയൻറ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.