ഇരിങ്ങാലക്കുട: മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയതോടെ മാപ്രാണം വാതില്‍മാടം ക്ഷേത്രത്തിനടുത്തുള്ള നാലു സെന്റ് നഗർ നിവാസികളുടെ നെഞ്ചില്‍ തീയാണ്. ജീവന് പണയം വച്ചാണ് ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇവർ. കഴിഞ്ഞ ദിവസം അറയ്ക്കവീട്ടില്‍ സുഹറയുടെ വീടിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞു. ഒരു മാസം മുമ്പ് വാതില്‍മാടം കോളനിയിലെ മൂന്നു വീടുകളുടെ പിറകിലേക്കും മണ്ണിടിഞ്ഞിരുന്നു.
അറയ്ക്കവീട്ടില്‍ സുഹറ, നൊച്ചുവളപ്പില് ഭവാനി, പാറളത്ത് കല്യാണി എന്നിവരുടെ വീടിന് പിറകിലേക്കാണ് മണ്ണിടിഞ്ഞത്. വീടിന് പിറകില്‍ ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാമെന്ന് സ്ഥലം ഉടമ പറഞ്ഞിട്ടും ജിയോളജി വിഭാഗം അനുമതി നല്‍കാതിരുന്നതാണ് വീണ്ടും മണ്ണിടിയുന്നതിന് കാരണമെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ ലൈഫ് പദ്ധതിയില്‍ പണിതതാണ് നൊച്ചുവളപ്പില് ഭവാനിയുടെയും മുരിങ്ങത്ത് കുട്ടന്റെയും വീടുകള്‍. നാല് മാസം മുമ്പാണ് ഭവാനിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഈ വീടുകളുടെ പിറകിലാണ് കഴിഞ്ഞ ദിവസം കൂടുതലായി മണ്ണിടിഞ്ഞിരിക്കുന്നത്.
കുട്ടന്റെ വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും മഴ പെയ്തതോടെ പുതുതായി പണിയുന്ന വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. അപകട ഭീഷണിയില്ലെന്ന് പറഞ്ഞാണ് ലൈഫ് പദ്ധതിയില്‍ വീടുവെക്കാന്‍ നഗരസഭ അനുമതി നല്‍കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
വീടുപണി കഴിഞ്ഞ് താമസമാക്കിയപ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞ് മാറാന്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് വീട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മണ്ണിടിഞ്ഞ് ഇതേ ലൈനിലുള്ള തെക്കൂടന്‍ കൊച്ചക്കന്റെ മകള്‍ രേഖയുടെ വീടിന്റെ പിറകുവശത്തെ ചുമരും വാതിലുകളും തകര്‍ന്നിരുന്നു.
കോളനിയിലെ അറയ്ക്കല്‍ വീട്ടില്‍ സുഹറ, എലുവുങ്കല് കൗസല്യ, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ്, ചേനങ്ങത്ത് കാളിക്കുട്ടി എന്നിവര്‍ക്ക് നാലുസെന്റ് വീതം സ്ഥലം വാങ്ങി വീടുവെക്കാന്‍ കഴിഞ്ഞ വര്‍ഷം പത്തുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനായി കുഴിക്കാട്ടുകോണത്ത് സ്ഥലം വാങ്ങിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ വിഷുവിന് അവര്‍ക്ക് വീടിന്റെ താക്കോല്‍ നല്‍കുമെന്നായിരുന്നു മന്ത്രി ആര്. ബിന്ദു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഷുകഴിഞ്ഞിട്ടും സ്ഥലം വാങ്ങിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. 32 വീട്ടുകാരാണ് ഇവിടെ താമസക്കാരായുള്ളതെങ്കിലും നാലു വീട്ടുകാര്‍ക്കാണു മണ്ണിടിച്ചില്‍ ഭീഷണി ഏറെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.