ഇരിങ്ങാലക്കുട: കോവിഡ് കാലത്ത് സ്റ്റോപ്പ് നിർത്തലാക്കിയ അഞ്ച് ദീർഘദൂര സർവിസുകൾ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ വരുമാന വർധനയിൽ തിരിച്ചടിയായെന്ന് റെയിൽവേ യാത്രക്കാർ. തിരുവനന്തപുരം ഡിവിഷന്റെ 2023-‘24 സാമ്പത്തിക വർഷത്തെ കണക്ക് പ്രകാരം ജില്ലയിൽ തൃശൂർ കഴിഞ്ഞാൽ നാലാം സ്ഥാനത്താണ് വരുമാനത്തിന്റെയും യാത്രക്കാരുടെയും കാര്യത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ. ഗുരുവായൂരും ചാലക്കുടിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ദീർഘദൂര സർവിസുകൾ നിർത്തലാക്കിയതും അടിസ്ഥാന സൗകര്യ അഭാവവും അമൃത് പദ്ധതിയുടെ ഭാഗമായി നടത്തിയ ഭൗതിക സൗകര്യങ്ങളുടെ വികസനവും വരുമാന വർധനവിലും യാത്രക്കാരുടെ വർധനവിലും ചാലക്കുടിയെ തുണച്ചതായി പാസഞ്ചേഴ്സ് അസോസിയേഷൻ വിലയിരുത്തുന്നു. 14.45 ലക്ഷം യാത്രക്കാരും 6.91 കോടി വരുമാനവുമാണ് 2023-24 സാമ്പത്തിക വർഷത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷൻ നേടിയത്.
ഇരിങ്ങാലക്കുടയിൽ ഈ കണക്കുകൾ 11.60 ലക്ഷവും 5.89 കോടിയുമാണ്. കഴിഞ്ഞ 10 വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എം.പിമാർ സ്റ്റേഷനെ അവഗണിച്ചതിന്റെ പ്രതിഫലനമാണ് കണക്കുകളിൽ തെളിയുന്നത്. നിർത്തലാക്കിയ ദീർഘദൂര സർവിസുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കേണ്ടതും അമൃത് പദ്ധതി നടപ്പാക്കേണ്ടതും സ്റ്റേഷന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയുടെ വികസന പ്രവർത്തനം നടപ്പാക്കുമെന്നും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ കോഫി ഷോപ്പിന് ഉടൻ ടെൻഡർ വിളിക്കുമെന്നും അറിയി ച്ചിരുന്നു. അമൃത് പദ്ധതി പ്രഖ്യാപനം ഡിസംബറിനകം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.