ഇരിങ്ങാലക്കുട: ഓൺലൈൻ ഓഹരി ഇടപാടിലൂടെ വൻതോതിൽ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ സ്വദേശികളായ ദമ്പതികളുടെ പക്കൽനിന്ന് 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. മലപ്പുറം കാടപ്പടി പൂതംകുറ്റി വീട്ടിൽ ഷാജഹാനാണ് പിടിയിലായത്.
ഷെയർ കൺസൽട്ടന്റാണെന്നും ഓൺലൈൻ ഓഹരി ഇടപാടിലൂടെ പണം സമ്പാദിക്കാൻ പരിശീലനം നൽകുമെന്നും മറ്റുമുള്ള ഷാജഹാന്റെ വിഡിയോകൾ ഫേസ്ബുക്കിലൂടെ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്താണ് പരാതിക്കാർ തട്ടിപ്പിൽപെട്ടത്. പരാതിക്കാരനെ വാട്സ് ആപ് ഗ്രൂപ്പിൽ ചേർക്കുകയും തുടർന്ന് ഓഹരി ഇടപാടിനെക്കുറിച്ചുള്ള വിഡിയോകൾ അയച്ച് വിശ്വസിപ്പിക്കുകയും മൊബൈലിൽ ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയും അതിന്റെ ലാഭമെന്നോണം ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനിൽ പണം വന്നതായി ഡിസ്പ്ലേ ചെയ്ത് കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്തു. ആദ്യം കാണിച്ച തുകകൾ പരാതിക്കാർക്ക് പിൻവലിക്കാൻ സാധിച്ചിരുന്നു. തുടർന്ന് വിവിധ കാലയളവിലായി ഓഹരി വാങ്ങാനെന്ന വ്യാജേന 43 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിപ്പിച്ചുവെന്നും തുടർന്ന് കബളിപ്പിച്ചുവെന്നുമാണ് പരാതി.
റൂറൽ എസ്.പി നവനീത് ശർമയുടെ നിർദേശപ്രകാരം റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വർഗീസ് അലക്സാണ്ടർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അന്വേഷണസംഘത്തിൽ സൈബർ ക്രൈം ഉദ്യോഗസ്ഥരായ ബെന്നി ജോസഫ്, സി.എം. തോമസ്, വി.ജി. അനൂപ് കുമാർ, എ.കെ. മനോജ്, കെ.ടി. ബിജു, വനിത പൊലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ സിന്ധു എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.