ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന ഠാണാ-പൂതംക്കുളം റോഡിന്റെയും നഗരസഭ പരിധിയിൽ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്ന റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ജനപ്രതിനിധികളിൽനിന്നും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളിൽനിന്നും യോഗത്തിൽ വിമർശനം ഉയർന്നു. സ്വകാര്യ ബസുകൾ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സർവിസ് നടത്തുന്ന സാഹചര്യമാണെന്നും കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിയിൽ പുരോഗതിയില്ലെന്നും വിമർശനമുയർന്നു.
നഗരസഭ ആക്ടിങ് ചെയർമാൻ ബൈജു കുറ്റിക്കാൻ, കോൺഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളി, സുരേഷ് ഗോപി എം.പിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട എന്നിവരാണ് ആവശ്യങ്ങളുന്നയിച്ചത്. ഇതുസംബന്ധിച്ച് മന്ത്രിതലത്തിൽ തന്നെ മൂന്നുയോഗങ്ങൾ വിളിച്ച് ചേർത്തതാണെന്നും ഇപ്പോൾ വിമർശനങ്ങൾ ഉന്നയിക്കുന്നവർ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നും യോഗത്തിന്റെ വികാരം ബന്ധപ്പെട്ടവരെ അറിയിക്കാമെന്നും അധ്യക്ഷത വഹിച്ച മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
അമൃത് കുടിവെള്ള പദ്ധതിയുടെ പണികൾ കുറച്ച് മന്ദഗതിയിലാണെന്നും ഇക്കാര്യം കരാറുകാരെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഉന്നതതലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ പണികൾ പൂർത്തിയായാൽ ഉടൻ വിവിധ റോഡുകളുടെ ടാറിങ് പണികൾ ആരംഭിക്കുമെന്ന് നഗരസഭ ആക്ടിങ് ചെയർമാൻ വ്യക്തമാക്കി. ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീവ്രമായ പരിശ്രമങ്ങൾ നടത്തിവരുകയാണെന്ന് എം.പിയുടെ പ്രതിനിധി അറിയിച്ചു.
ഇരിങ്ങാലക്കുട ഡിസ്മസ് റോഡിൽ നടക്കുന്ന ഹെവി വാഹനങ്ങളുടെ പരിശോധന അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നും തകർന്നുകിടക്കുന്ന റോഡ് ഇരുചക്ര വാഹനയാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത അവസ്ഥയിലാണെന്നും ലീഗ് പ്രതിനിധി കെ.എ. റിയാസുദീൻ പറഞ്ഞു. ഭൂമിതരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാൻ ഈമാസം 28ന് പ്രത്യേക അദാലത്ത് നടത്തുന്നുണ്ടെന്ന് കേരള കോൺഗ്രസ് പ്രതിനിധി സാം തോംസന്റെ ചോദ്യത്തിന് മറുപടിയായി തഹസിൽദാർ സിമേഷ് സാഹു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. തമ്പി, കെ.എസ്. ധനീഷ്, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ടീയകക്ഷി പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.