ഇരിങ്ങാലക്കുട: തദ്ദേശ മന്ത്രി ഉദ്ഘാടനം ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഇരിങ്ങാലക്കുട നഗരസഭയുടെ ‘ടേക് എ ബ്രേക്’ വഴിയോര വിശ്രമകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചില്ല. പൂതംക്കുളം ഷോപ്പിങ് കോംപ്ലക്സിന് സമീപം 2022 ഡിസംബർ നാലിനാണ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തത്. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് രണ്ട് നിലകളിലായി വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ചായക്കടയും സ്ത്രീകൾക്കായി മൂന്ന് ടോയ് ലറ്റുകളും ബാത്ത്റൂമും മുകളിൽ പുരുഷന്മാർക്കായി നാല് ടോയ് ലറ്റുകളും വിശ്രമമുറിയുമാണ് ഉള്ളത്. ഒരുവർഷത്തെ വാടകയായി പത്തുലക്ഷം രൂപ നഗരസഭ ഭരണസമിതി തീരുമാനിച്ചതായിരുന്നു ആദ്യ പ്രതിസന്ധി. തുടർച്ചയായി ടെൻഡർ വിളിച്ചിട്ടിട്ടും ഏറ്റെടുക്കാൻ ആരും എത്തിയില്ല.
കെട്ടിടത്തിന്റെ പ്രവർത്തനത്തിന് വാട്ടർ അതോറിറ്റിയുടെ കണക്ഷനെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു. വാടക തുക ഏഴര ലക്ഷമായി കുറച്ചപ്പോൾ പദ്ധതി ഏറ്റെടുക്കാൻ നഗരസഭയിലെ താൽക്കാലിക ജീവനക്കാരന്റെ ബന്ധു തയാറായിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് ടാങ്കുകൾ സ്ഥാപിക്കാനും കുഴൽക്കിണറിനുമായി നാലര ലക്ഷം രൂപ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചതിന്റെ അടിസ്ഥാനത്തിൽ 5000 ലിറ്ററിന്റെ ടാങ്ക് താഴെയും 1000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലും സ്ഥാപിച്ച് കഴിഞ്ഞതായും നഗരസഭ അധികൃതർ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, കുഴൽക്കിണറിനുള്ള നടപടി പൂർത്തിയായിട്ടില്ല. ലേലം വിളിച്ച വ്യക്തി തുടർനടപടികളിലേക്ക് കടന്നിട്ടുമില്ല. നടപടി പൂർത്തീകരിച്ച് മൂന്നാഴ്ചക്കുള്ളിൽ പദ്ധതി ആരംഭിക്കുമെന്നാണ് നഗരസഭ അധികൃതർ ഇപ്പോൾ സൂചിപ്പിക്കുന്നത്. ലേലം വിളിച്ച ടെൻഡർ തുക കുറക്കാൻ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചതായും സൂചനയുണ്ട്. ഇതിനിടെ ‘ടേക് എ ബ്രേക്’ പദ്ധതികൾ കുടുംബശ്രീയെ ഏൽപിക്കാനുള്ള തീരുമാനം തദ്ദേശ മന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.