കയ്പമംഗലം: അപകടരഹിത പാതക്കായി കയ്പമംഗലത്തിന്റെ കരുതൽ പദ്ധതിയുമായി സഹകരിച്ച് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് വിഭാഗം പ്ലസ് ടു വിദ്യാർഥികൾ. ദേശീയപാത 66ൽ രാത്രി വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഒരാഴ്ച മുമ്പാരംഭിച്ച ഡ്രൈവർക്കൊരു ചായ പദ്ധതിയിലാണ് ശനിയാഴ്ച രാത്രി വിദ്യാർഥികൾ സ്കൂളിലെ അധ്യാപകർക്കൊപ്പം ചേർന്ന് ചുക്കുകാപ്പി വിതരണം ചെയ്തത്. രാത്രി 12 മുതൽ പുലർച്ച അഞ്ചുവരെ കയ്പമംഗലം ബോർഡ് ജങ്ഷനിലായിരുന്നു ചുക്കുകാപ്പി വിതരണം.
കയ്പമംഗലത്ത് വാഹനാപകടങ്ങൾ വർധിച്ചതോടെ ഇ.ടി. ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അപകടങ്ങൾ കുറക്കാനുള്ള ആദ്യഘട്ടമെന്ന നിലയിൽ രാത്രി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണം ചെയ്യാമെന്ന് തീരുമാനിച്ചത്.
കയ്പമംഗലം പഞ്ചായത്തും പൊലീസും സന്നദ്ധ സംഘടനകളും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയിൽ ഓരോ ദിവസവും പഞ്ചായത്തിലെ വിവിധ ക്ലബുകളാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനുമുള്ള സൗകര്യവും കയ്പമംഗലം ബോർഡ് ജങ്ഷനിൽ ഒരുക്കിയിട്ടുണ്ട്.
ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് വിഭാഗം പ്രിൻസിപ്പൽ വി.ബി. സജിത്ത്, അധ്യാപകരായ കെ.ആർ. ഗിരീഷ്, ജി. അരുൺ, കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, വികസന സ്ഥിരംസമിതി ചെയർമാൻ യു.വൈ. ഷമീർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സുകന്യ, പദ്ധതി ചെയർമാൻ സി.ജെ. പോൾസൺ, മെംബർമാരായ പി.എം. സൈനുൽ ആബ്ദീൻ, റസീന ഷാഹുൽ ഹമീദ്, ജിനൂബ്, ഷാജഹാൻ, പി.എ. ഇസ്ഹാഖ്, മണി ഉല്ലാസ്, കോഓഡിനേറ്റർ കെ.കെ. സക്കരിയ, എക്സിക്യൂട്ടിവ് അംഗങ്ങളായ വിശാഖ്, ഷാജി, നാസർ, അബ്ദുല്ല, ടി.കെ. ഉബൈദ്, കയ്പമംഗലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.