കൊടകര: മണ്ണുത്തി - അങ്കമാലി പാതയിൽ കൊടകര മേല്‍പാലം ജങ്ഷനിലെ സർവിസ് റോഡില്‍ മരണം പതിയിരിക്കുന്നു. അപകടം പതിവായ ഈ റോഡില്‍ കഴിഞ്ഞ ദിവസം ഒരു ജീവന്‍കൂടി പൊലിഞ്ഞു. ഇടതുവശത്തുള്ള സർവിസ് റോഡിലാണ് അപകടം പതിവായി മാറിയിരിക്കുന്നത്.
ചാലക്കുടി ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ വരുന്ന കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ സർവിസ് റോഡിലൂടെയാണ് കൊടകര മേല്‍പാലം ജങ്ഷനിലെത്തുന്നത്. മാള ഭാഗത്തേക്കുള്ള വാഹനങ്ങളും പ്രധാനപാതയില്‍ നിന്ന് തിരിഞ്ഞ് സർവിസ് റോഡിലൂടെ കടന്നാണ് ആളൂര്‍- മാള റോഡിലേക്ക് പ്രവേശിക്കുന്നത്.
200 മീറ്ററോളം നീളമുള്ള സർവിസ് റോഡ് നിർമാണത്തിലെ അപാകതയും, ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകൾ ഇല്ലാത്തതുമാണ് ഇവിടെ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ പുഷ്പാകരന്‍ തോട്ടുംപുറം പറഞ്ഞു. വേണ്ടത്ര വീതിയില്ലാത്തതാണ് പ്രധാന പ്രശ്നം. പകുതിയോളം ഭാഗത്തിന് ആവശ്യത്തിന് വീതിയുണ്ടെങ്കിലും തുടര്‍ന്ന് മേല്‍പാലം ജങ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവാണ്. ബസുകള്‍ കടന്നുപോകുമ്പോള്‍ എതിരെ വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കുപോലും സുരക്ഷിതമായി സൈഡ് കൊടുക്കാനുള്ള സ്ഥലം ഇവിടെയില്ല. ഈ ഇടുങ്ങിയ ഭാഗത്ത് അടിക്കടി അപകടങ്ങള്‍ സംഭവിച്ചിട്ടും അധികൃതര്‍ പരിഹാര നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
സർവിസ് റോഡിന്റെ പകുതിയോളം ഭാഗത്ത് മാത്രമാണ് കാനനിർമാണം നടന്നിട്ടുള്ളൂ. ബാക്കി ഭാഗത്ത് റോഡരിക് ചരിഞ്ഞുകിടക്കുന്നതിനാല് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് മറിയാൻ സാധ്യതയുണ്ട്.
ഏതാനും വര്‍ഷം മുമ്പ് കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര ബസ് ഇവിടെ നിയന്ത്രണംവിട്ട് മറിഞ്ഞിരുന്നു. തുടര്‍ന്ന് ഏതാനും മീറ്ററുകള്‍ നീളത്തില്‍ സുരക്ഷവേലി സ്ഥാപിച്ചിരുന്നു. റോഡിന്റെ വീതി പൂര്‍ണമായും ഉപയോഗപ്പെടുത്താതെയാണ് സുരക്ഷവേലി സ്ഥാപിച്ചതെന്ന് ആക്ഷേപമുണ്ട്. രാത്രി അനുഭവപ്പെടുന്ന വെളിച്ചക്കുറവും ഇവിടെ അപകടത്തിന് കാരണമാകുന്നു. അപകടങ്ങൾ പതിവായത് കണക്കിലെടുത്ത് സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.