കുന്നംകുളം: ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ നീർച്ചാലുകള്‍ വീണ്ടെടുക്കുന്നു. ‘ഇനി ഞാൻ ഒഴുകട്ടെ’ പദ്ധതിയിലൂടെ ജില്ലയിലെ നീർച്ചാലുകൾ പൂർണമായും വീണ്ടെടുക്കുകയാണ് ലക്ഷ്യം.
ജില്ലയിലെ പോർക്കുളം, വടക്കേക്കാട്, കാട്ടകാമ്പാൽ പഞ്ചായത്തുകളിലെയും കുന്നംകുളം മുനിസിപ്പാലിറ്റിയിലെയും 456 ഹെക്ടർ വരുന്ന പൊന്നാനി കോള്‍ കൃഷി ഭൂമിയിലെ നെൽകൃഷിക്ക് ആവശ്യമായ ജലസേചനം സാധ്യമാക്കുന്ന നൂറടിത്തോട് പദ്ധതിയുടെ ഭാഗമായി വീണ്ടെടുത്തു. ശുചീകരണവും, പുനരുദ്ധാരണ പ്രവർത്തനോദ്ഘാടവും എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ, കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. രേഷ്മ, ജില്ല പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. മണികണ്ഠന്, നവകേരളം കർമ്മപദ്ധതി ജില്ല കോഓഡിനേറ്റർ സി. ദിദിക, മൈനർ ഇറിഗേഷൻ അസ്സി. എക്സിക്യൂട്ടിവ് എൻജിനീയർ പി.വി. ബിന്ദു, കുന്നംകുളം സെക്ഷൻ അസി. എൻജിനീയർ ലക്ഷ്മി കെ. ദയാൻ എന്നിവർ സംസാരിച്ചു. പാടശേഖരസമിതി ഭാരവാഹികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
പൊന്നാനി കോള്‍ മേഖലയുടെ ജീവനാഡിയായ നൂറടിത്തോട് കാര്‍ഷിക ജലസേചന സംവിധാനം എന്നതിനോടൊപ്പം ഭൂഗർഭ ജലസ്രോതസ്സ് നില നിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ, എല്ലാ വർഷങ്ങളിലും തോട്ടിലെ ജലോപരിതലവും തീരങ്ങളും ജല സസ്യങ്ങളാലും ഒഴുകി വരുന്ന മാലിന്യങ്ങളാലും മൂടാറുണ്ട്. ഇത്തരത്തിൽ തോട്ടിലെ കുളവാഴ, ചണ്ടി, പായൽ, മറ്റു കളകൾ എന്നിവ തോട്ടിൽ നിന്ന് നീക്കി നശിപ്പിക്കും.
ഏകദേശം അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന പ്രവർത്തനങ്ങൾ മൈനർ ഇറിഗേഷന്‍ വകുപ്പിന്റെ തുക വകയിരുത്തിയാണ് നടപ്പാക്കുന്നത്. ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, മറ്റു വകുപ്പുകൾ, ഏജൻസികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.