കുന്നംകുളം: ടൗണിൽ തൃശൂര്‍ റോഡിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്തിന് അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി നഗരസഭക്കെതിരെ സമര്‍പ്പിച്ച കേസ് മതിയായ തെളിവില്ലാത്തതിനാല്‍ ഹൈകോടതി തള്ളി. പുറമ്പോക്ക് ഭൂമിയാണെന്ന് പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. ഈ സ്ഥലത്ത് നഗരസഭ പൂന്തോട്ടം സജ്ജമാക്കുന്നതിനിടെയാണ് ക്ലീമിസ് എന്നയാൾ ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, ഇയാള്‍ക്ക് സ്ഥലം തന്റേതാണെന്ന് കാണിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഹൈകോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഈ സ്ഥലം പുറമ്പോക്കാണെന്നതിന് കുന്നംകുളം വില്ലേജ് ഓഫിസില്‍ രേഖകളുണ്ട്. നഗരസഭക്കുവേണ്ടി അഭിഭാഷകന് ഹരിദാസ് ഹാജരായി.
പൊതുഇടങ്ങള്‍ ഏറ്റെടുത്ത് മാലിന്യമുക്തമാക്കുന്നതിനും സൗന്ദര്യവത്കരണം നടത്തുന്നതിനും സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ കഴിഞ്ഞ ഡിസംബറിലാണ് നഗരസഭ ഈ സ്ഥലത്ത് പൂന്തോട്ടം നിർമിക്കാന്‍ ആരംഭിച്ചത്. സ്വകാര്യ വ്യക്തി ഹൈകോടതിയെ സമീപിച്ചതോടെ പണി നിര്‍ത്തിവെച്ചു. പൂന്തോട്ടത്തില്‍ ഇനി അത്യാവശ്യം ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തികള്‍ കഴിഞ്ഞാല്‍ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ചെയര്പേഴ്സൻ സീത രവീന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.