തൃശൂർ: എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിെൻറ ഭാഗമായി ഓരോ വിദ്യാർഥിയുടെയും വീട്ടിലെത്തി സാമ്പത്തിക അവസ്ഥയറിഞ്ഞ് സഹായിക്കാനുള്ള ബൃഹത് കാമ്പയിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആഗസ്റ്റ് 15ന് സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമാക്കിയുള്ള പ്രഖ്യാപനം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാനും നിർദേശം നൽകി. എല്ലാ കുട്ടികൾക്കും ക്ലാസ് ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ. വിലയിരുത്തൽ പൂർത്തിയാക്കി ജൂലൈ 31ന് സ്കൂൾ തല ഡിജിറ്റൽ പ്രഖ്യാപനം നടത്താനാവശ്യമായ പരിപാടികൾ ആവിഷ്കരിക്കണം.
സ്വയം ഉപകരണങ്ങൾ വാങ്ങാൻ സാമ്പത്തികമുള്ളവർ, വായ്പ ലഭ്യമാക്കിയാൽ ഉപകരണങ്ങൾ വാങ്ങാനുള്ള കുടുംബ പശ്ചാത്തലമുള്ളവർ, ഗുണഭോക്തൃ വിഹിതം നൽകാൻ കഴിവുള്ളവർ, പൂർണസഹായം ആവശ്യമുള്ള കുടുംബപശ്ചാത്തലമുള്ള കുട്ടികൾ എന്നിങ്ങനെ തരംതിരിച്ച് കണ്ടെത്താനാണ് നിർദേശം. ഇതിനായി സംസ്ഥാന, ജില്ല, വാർഡ്, സ്കൂൾ തല സമിതികൾ രൂപവത്കരിക്കേണ്ടിവരും. സംസ്ഥാനതല സമിതി അധ്യക്ഷൻ മുഖ്യമന്ത്രിയും സഹ അധ്യക്ഷൻ പൊതുവിദ്യാഭ്യാസ മന്ത്രിയുമാണ്. പ്രത്യേക ക്ഷണിതാവായി പ്രതിപക്ഷ നേതാവുമുണ്ട്. കാമ്പയിൻ സംബന്ധിച്ച നയപരമായ തീരുമാനമെടുക്കേണ്ടത് ഈ സമിതിയാണ്. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തിലൂടെ വിദ്യാർഥികളുടെ വീട്ടിൽ ഇൻറർനെറ്റ് കണക്ടിവിറ്റി, വൈദ്യുതി ലഭ്യത, സാങ്കേതിക സംവിധാനം, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ ഉറപ്പുവരുത്തണം.
ഡേറ്റയുടെ ആവർത്തനച്ചെലവ് കണ്ടെത്താൻ സാധിക്കാത്ത കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഇവർക്കായി വിഭവങ്ങൾ സമാഹരിക്കാൻ കഴിവുള്ള സംഘടനകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവരെ കണ്ടെത്താനും സംഭാവനകൾ സ്വീകരിക്കാനും പ്രവർത്തനരേഖയിൽ നിർദേശമുണ്ട്. സി.എം.ഡി.ആർ.എഫ് മാതൃകയിൽ പ്രത്യേക നിധി രൂപവത്കരിച്ച് വരുമാനനികുതിയിൽ കിഴിവ് ലഭിക്കുംവിധം സംഭാവന പിരിക്കാനുള്ള സാധ്യതകൾ തേടാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.