തൃശൂർ: 12 വർഷം മുമ്പ് ആരംഭിച്ച രാമവർമപുരം പൊലീസ് അക്കാദമി കാമ്പസിൽ ആരംഭിച്ച കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാക്കി പ്രിൻസിപ്പൽ ഫിലോമിന മേച്ചേരി പടിയിറങ്ങുന്നു. കേന്ദ്രീയ വിദ്യാലയ സംഘാതനിൽ 36 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് പ്രിൻസിപ്പൽ ഈമാസം 31ന് വിരമിക്കുന്നത്. 2010 മുതൽ ഡെപ്യൂട്ടേഷനിലും 2017ൽ സ്ഥിരമായും ഈ വിദ്യാലയത്തിന്‍റെ പ്രിൻസിപ്പൽ പദവി വഹിച്ചാണ് ഫിലോമിന മേച്ചേരി സേവനകാലം അവസാനിപ്പിക്കുന്നത്.
2010 ആഗസ്റ്റിലാണ് രാമവർമപുരം പൊലീസ് അക്കാദമിയിലെ ബാരക്ക് മുറികളിൽ പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിച്ചത്. അക്കാദമി അനുവദിച്ച സൗകര്യങ്ങൾ ഉപയോഗിച്ചായിരുന്നു തുടക്കം. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളുമായി തുടങ്ങിയ വിദ്യാലയത്തിൽ പിന്നീട് ആറുമുതൽ ക്ലാസുകൾ അനുവദിക്കുകയും 2016ൽ ആദ്യത്തെ 10ാം ക്ലാസ് ബാച്ച് കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു. 2017-18ൽ പ്ലസ് വണ്ണും 2019ൽ പ്ലസ് ടുവും അനുവദിച്ചു. 2016 മുതൽ 10ാം ക്ലാസിലും 2019 മുതൽ പ്ലസ് ടു പരീക്ഷയിലും എറണാകുളം റീജനിൽ മികച്ച വിജയം നേടുന്ന സ്കൂളായി രാമവർമപുരം മാറി. ഇതോടൊപ്പം ഇവിടത്തെ വിദ്യാർഥികൾ കായിക ഇനങ്ങളിലും സംസ്ഥാന, ദേശീയ തലത്തിൽ സമ്മാനങ്ങൾ നേടി.
2012ലാണ് സ്കൂളിന് സ്വന്തം കെട്ടിടം നിർമിക്കാൻ സ്പോൺസറിങ് ഏജൻസിയായ പൊലീസ് അക്കാദമിയുടെ അധീനതയിലുള്ള ഭൂമി അനുവദിച്ചത്. പള്ളിമൂലയിൽ ആറ് ഏക്കർ 11 സെന്‍റ് ഭൂമിയാണ് നൽകിയത്. ഇതിൽ അഞ്ച് ഏക്കർ സ്കൂൾ കെട്ടിടത്തിനും ഒരേക്കർ ക്വാർട്ടേഴ്സിനും 11 സെന്‍റ് റോഡിനും മറ്റുമായാണ് അനുവദിച്ചത്. 2015ലാണ് കേന്ദ്രീയ വിദ്യാലയ സംഘാതന്‍റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തത്. അന്ന് ഭൂമിക്ക് നിശ്ചയിച്ച വാർഷിക വാടക 25,000 രൂപയായിരുന്നു.
പ്രിൻസിപ്പലിന്‍റെയും മറ്റും നിരന്തര ശ്രമത്തിനൊടുവിൽ 2020 സെപ്റ്റംബറിൽ വാർഷിക വാടക 100 രൂപ മാത്രമാക്കി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 2016ലാണ് സ്കൂൾ കെട്ടിടം നിർമാണം തുടങ്ങിയത്. 2019 ആഗസ്റ്റിൽ പൂർത്തിയാക്കേണ്ട നിർമാണം തുടക്കത്തിൽ ഫണ്ട് ലഭ്യതയിലെ പ്രശ്നവും പിന്നീട് കോവിഡ് വ്യാപനവും കാരണം നീണ്ടുപോയി. മികച്ച സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയനവർഷം മുതൽ പള്ളിമൂലയിലെ പുതിയ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുക. മാറ്റത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിൽ ചേർന്ന രക്ഷിതാക്കളുടെ യോഗത്തിൽ വിദ്യാലയ മാനേജിങ് കമ്മിറ്റി ചെയർമാൻ കൂടിയായ കേരള പൊലീസ് അക്കാദമി ഡയറക്ടർ ബൽറാംകുമാർ ഉപാധ്യായ, പൊലീസ് അക്കാദമി എസ്.പി സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ഫിലോമിന മേച്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.