തൃശൂർ: കുമ്പനിറയെ വരകളും അരമണിക്കിലുക്കവുമായി ഇന്ന് തൃശൂരിലെ പുലികൾ മടയിറങ്ങും. പുലിച്ചുവടുകൾക്ക് താളം പിടിക്കാൻ ജനം നഗരത്തിലേക്കൊഴുകും. ദേശങ്ങൾ ആഘോഷത്തിമിർപ്പിലാണ്. പുതിയ പരീക്ഷണങ്ങളും വരയിലെ വ്യത്യസ്തയും പ്ലോട്ടുകൾ ഒരുക്കുന്ന സസ്പെൻസുമെല്ലാം ഇന്ന് സ്വരാജ് റൗണ്ടിലെത്തി കാണാം. അഞ്ച് ദേശങ്ങളിലും പുലർച്ചയോടെ പുലിയൊരുക്കം തുടങ്ങി.
സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പറേഷനും ജില്ല ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമാണ് നാലോണ നാളിലെ പുലിക്കളി മഹോത്സവം. പോയവർഷങ്ങളിൽ പെൺപുലികൾ ഇറങ്ങിയിരുന്നു. ഇക്കുറിയും പെൺപുലികൾ നഗരത്തിലെത്തും. വൈകീട്ട് നാലോടെ തട്ടകങ്ങളിൽ പുലിക്കളി ആരംഭിക്കും. അഞ്ചരയോടെയാണ് പുലികളുടെ നഗരപ്രവേശനം.
നടുവിലാൽ ഗണപതിക്ക് മുന്നിൽ തേങ്ങയുടച്ച് സീതാറാം മിൽ പുലിക്കളി സംഘമാണ് ആദ്യം നഗരത്തിൽ പ്രവേശിക്കുക. തുടർന്ന് കാനാട്ടുകര, അയ്യന്തോൾ, എം.ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ശക്തൻ പുലിക്കളി സംഘം എം.ഒ റോഡ് വഴിയും വിയ്യൂർ ദേശം ബിനി ടൂറിസ്റ്റ് ഹോം വഴിയും റൗണ്ടിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും.
ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിതവണ്ടിയും പുലിവണ്ടിയും ഉണ്ടായിരിക്കും. ഇതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ ദിവസങ്ങൾക്ക് മുമ്പുതന്നെ തുടങ്ങിയിരുന്നു. ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പൊലീസ് ഏർപ്പെടുത്തി.
മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ‘സീറോ വേസ്റ്റ് കോര്പറേഷൻ’ ആശയം ഉദ്ബോധിപ്പിക്കുന്നതിന് ‘ഹരിത വണ്ടി’ എന്ന പേരിലുളള പുലിക്കളി നിശ്ചലദൃശ്യങ്ങളിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 50000, 25000, 15000 രൂപ വീതം നൽകുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു.
എട്ട് അടി ഉയരമുള്ള ട്രോഫിയാണ് ഒന്നാം സ്ഥാനത്ത് എത്തുന്ന പുലിക്കളി സംഘത്തിന് ലഭിക്കുക. സമ്മാനതുക 25 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനത്ത് എത്തുന്നവര്‍ക്ക് യഥാക്രമം 62500, 50000, 43750 രൂപയും നിശ്ചല ദൃശ്യത്തിന് 40000, 35000, 30000 രൂപയും നൽകും. പുലികൊട്ടിനും പുലിവേഷത്തിനും സമ്മാനത്തുക 7,500ല്‍നിന്ന് 10,000 രൂപയാക്കി. അച്ചടക്കം പാലിക്കുന്ന ടീമിന് 12,500ല്‍നിന്ന് 15,000 രൂപയായും കൂട്ടി. ഒരു സംഘത്തിന് 120 ലിറ്റര്‍ മണ്ണെണ്ണയും ലഭ്യമാക്കി.
ആദ്യ മൂന്ന് സ്ഥാനത്തുള്ളവർക്ക് ട്രോഫിയും കാഷ് പ്രൈസും സംസ്ഥാന ടൂറിസം വകുപ്പും ഡി.ടി.പി.സിയും തൃശൂര്‍ കോര്‍പറേഷനും ജില്ല ഭരണകൂടവും സംയുക്തമായി നടത്തുന്ന ഓണാഘോഷ വേദിയില്‍ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഓരോ ടീമിനും 50,000 രൂപയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ.കെ. ഗോപാലകൃഷ്ണന് മുഖേന ഒരു ലക്ഷം രൂപ വീതവും പുലിക്കളി സംഘങ്ങള്‍ക്ക് നല്കാന് അനുമതിയായിട്ടുണ്ട്.
കോര്പറേഷന് നല്‍കാറുള്ള രണ്ട് ലക്ഷം രൂപയില്‍നിന്ന് 25 ശതമാനം തുക കൂട്ടി 2.50 ലക്ഷമാക്കിയിരുന്നു. അഡ്വാന്‍സ് ഇനത്തില്‍ ഓരോ ടീമിനും 1.25 ലക്ഷം കൈറിയതായും മേയർ പറഞ്ഞു. ഓണാ വാരാഘോഷത്തിനും പുലിക്കളിയോടെ സമാപനമാകും.
തൃശൂർ: പുലിക്കളിയുടെ സുരക്ഷക്കായി നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പുലിക്കളി ദിവസം സ്വരാജ് റൗണ്ടും അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി അസി. കമീഷണറുടെ കീഴിൽ വിവിധ സെക്ടറുകളാക്കി തിരിച്ചാണ് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
പുലിക്കളി കാണാൻ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ആളുകൾ കയറുന്നത് നിരോധിച്ചിട്ടുണ്ട്. നിർമാണാവസ്ഥയിലുള്ളതും ശരിയായി സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെ നിർമിച്ചതുമായ കെട്ടിടങ്ങളിലും കാണികൾ പ്രവേശിക്കരുത്. പുലിക്കളി കാണാൻ വരുന്നവർ വാഹനം നിശ്ചയിച്ച ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്, ഇരുചക്രവാഹന പട്രോളിങ്, ജീപ്പ് പട്രോളിങ് എന്നിവ ഏർപ്പെടുത്തി. സാമൂഹികവിരുദ്ധരുടെ ശല്യം, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നിവ ഇല്ലാതാക്കാൻ പ്രത്യേകം മഫ്ടി പൊലീസ് ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂർ നിരീക്ഷണത്തിനായി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇത്തവണ പെൺപുലികൾ സാന്നിധ്യം അറിയിക്കുന്നത് സീതാറാം മിൽ സംഘത്തിനൊപ്പം. സിനിമ-സീരിയൽ താരം ചാലക്കുടി സ്വദേശിനി നിമിഷ ബിജോ, തളിക്കുളം സ്വദേശിനി താര എന്നിവരാണ് ഇത്തവണ പുലിവേഷം കെട്ടുന്നത്. നിമിഷ ബിജോ ആദ്യമായാണ് രംഗത്തിറങ്ങുന്നത്. 2019ൽ പുലിവേഷം കെട്ടിയ താര ഇത്തവണ മുഴുവൻ പുലിക്കളി സംഘങ്ങളെയും ബന്ധപ്പെട്ടെങ്കിലും ആരും അനുമതി നൽകിയിരുന്നില്ല.
തുടർന്ന് ജില്ല കലക്ടറെ സമീപിക്കുകയായിരുന്നു. കലക്ടറുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് സീതാറാം മിൽ ദേശം താരക്ക് അവസരം നൽകുന്നത്. സ്ത്രീ പ്രാതിനിധ്യം മുൻ നിർത്തി സീതാറാം മിൽ ദേശത്തിന് പുലിവേഷങ്ങൾ ഒരുക്കുന്നതിന് കുടുംബശ്രീ പങ്കാളിത്തംകൂടിയുണ്ട്.
തൃശൂർ: പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. സ്വരാജ് റൗണ്ടിൽ ഉച്ചക്ക് രണ്ട് മുതൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഉൾറോഡുകൾ വഴിയാണ് ഗതാഗതം നടത്തേണ്ടത്.
റോഡുകളിൽ പൊലീസിനെ വിന്യസിപ്പിക്കും. പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗതക്കുരുക്ക് കുറക്കാൻ സഹകരിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം- 0487 2424193
തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ- 0487 2424192
തൃശൂർ ട്രാഫിക് പൊലീസ് യൂനിറ്റ്- 0487 2445259
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.