തൃശൂർ: കഴിഞ്ഞ 10 മാസമായി ആ സ്കൂട്ടറിനെക്കുറിച്ചുള്ള ആധിയിലായിരുന്നു ഉടമയും വീട്ടുകാരും. ജനുവരിയിലാണ് അവസാനമായി അതുമായി പുറത്തുപോയത്. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഓർമ മാത്രമേയുള്ളൂ. എവിടെ വെച്ചുവെന്ന് കൃത്യമായി അറിയില്ല. ആരെങ്കിലും കൊണ്ടുപോയതാണോ എന്നും വ്യക്തമല്ല. നഷ്ടപ്പെട്ടുവെന്ന് ഏതാണ്ട് നിശ്ചയിച്ച സ്കൂട്ടറിനെക്കുറിച്ചുള്ള തൃശൂർ പൂത്തോൾ സ്വദേശിയുടെ അവസാനിക്കാത്ത അന്വേഷണത്തിനാണ് ശനിയാഴ്ച ഏറെ യാദൃശ്ചികതയുള്ള പര്യവസാനമുണ്ടായത്. ആ സ്കൂട്ടർ സുരക്ഷിതമായി ഒരിടത്ത് ഇരിക്കുന്നുവെന്ന അറിവിന് പിന്നാലെ അത് വീട്ടുകാരുടെ പക്കലേക്ക് എത്തുകയും ചെയ്തു.
നേവിയിൽ ക്യാപ്റ്റൻ ആയിരുന്നു പൂത്തോൾ സ്വദേശി. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് വാഹനം. റിട്ട. ക്യാപ്റ്റനാണ് ജനുവരിയിൽ സ്കൂട്ടർ ഓടിച്ചുപോയത്. തിരിച്ച് സ്കൂട്ടറില്ലാതെ വന്നപ്പോൾ തുടങ്ങിയ അന്വേഷണമാണ്.
കുറച്ചുകാലമായി മറവി രോഗമുള്ള റിട്ട. ക്യാപ്റ്റൻ അത് എവിടെയോ നിർത്തിയിട്ട് മറന്നതാവാം എന്ന് ഭാര്യ അടക്കമുള്ള വീട്ടുകാർക്ക് തോന്നിയിരുന്നു. കലക്ടറേറ്റിലാവാം എന്ന് കരുതി കലക്ടർക്കും പൊലീസിനും പരാതി നൽകി. പറ്റാവുന്ന രീതിയിലെല്ലാം അന്വേഷിച്ച് നിരാശരായി ഇരിക്കുകയായിരുന്നു.
ടൂ വീലർ അസോസിയേഷൻ ചെയർമാനും തൃശൂർ സിവിൽ ലെയ്ൻ വാക്കേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായ ജെയിംസ് മുട്ടിക്കലിനോട് വെള്ളിയാഴ്ച സുഹൃത്ത് സേവിയർ അക്കരപ്പട്യേക്കലാണ് മാസങ്ങളായി ഒരു സ്കൂട്ടർ അനാഥമായി കലക്ടറേറ്റിന് പുറത്ത് വടക്കുഭാഗത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനടുത്ത് നടപ്പാതയിൽ കാണുന്നതായി അറിയിച്ചത്.
ജെയിംസ് മുട്ടിക്കൽ അതിന്റെ ഫോട്ടോയെടുത്ത് വാക്കേഴ്സ് ക്ലബിന്റേതും പൊലീസിന്റെതും ഉൾപ്പെടെ വിവിധ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. പൊലീസ് ഗ്രൂപ്പിൽ ഇട്ടപ്പോൾ അവർ സ്കൂട്ടർ ഉടമയുടെ വിലാസം പരിശോധിച്ച് അതിലിട്ടു. ആ വിലാസം വീണ്ടും വിവിധ ഗ്രൂപ്പുകളിൽ ഇട്ട കൂട്ടത്തിൽ വാക്കേഴ്സ് ക്ലബ് ഗ്രൂപ്പിൽ കണ്ട പൂത്തോൾ ‘കാവേരി’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മുരളീധരനാണ് സ്കൂട്ടർ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ അയൽവാസിയുടെ വീട്ടിലേതായിരുന്നു സ്കൂട്ടർ. മുരളീധരൻ ഇക്കാര്യം വീട്ടുകാരെ അറിയിച്ച് അയ്യന്തോളിൽ കലക്ടറേറ്റ് പരിസരത്തുള്ള സ്കൂട്ടറെടുക്കാൻ പോയി.
10 മാസമായി ഉപയോഗിക്കാത്തതിനാൽ അതിന്റെ അനക്കം നിലച്ചിരുന്നു. സ്കൂട്ടർ ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് പൂത്തോളിലെ വർക്ഷോപ്പിൽ ഏൽപ്പിച്ചു. തുടർന്നുള്ള കാര്യങ്ങൾ ഉടമ ഏറ്റെടുക്കുകയും ചെയ്തു. ജെയിംസ് മുട്ടിക്കലും മുരളീധനും സ്കൂട്ടറിന്റെ ഉടമയുമടക്കം എല്ലാവരും വാട്സ്ആപ്പിന് നന്ദി പറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.