തൃശൂർ: തൃശൂർ നഗരത്തിന്‍റെ വികസനക്കുതിപ്പിൽ നിർണായകമാവുമെന്ന് വിശേഷിപ്പിക്കുന്ന സ്വപ്ന പദ്ധതിയായ ആകാശപ്പാതയുടെ നിർമാണ പ്രവൃത്തികൾ ഒരു സുരക്ഷയുമൊരുക്കാതെ. ഇടവേളക്ക് ശേഷം നിർമാണ പ്രവൃത്തികൾ ആരംഭിച്ച ആകാശപ്പാത നിർമാണം പത്ത് ദിവസംകൊണ്ട് പൂർത്തീകരിക്കുമെന്ന് അറിയിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണവുമെല്ലാം ഏർപ്പെടുത്തിയെങ്കിലും പ്രവൃത്തികൾ കഴിഞ്ഞില്ലെങ്കിലും ഒടുവിൽ ജനങ്ങളുടെയും വാഹനയാത്രികരുടെയും പരാതികൾ കേട്ട് ഗതാഗത ക്രമീകരണം പൊലീസ് പിൻവലിച്ചു.
നാല് വശങ്ങളിലായി ഉറപ്പിച്ച തൂണുകളിലാണ് ആകാശപ്പാതയുടെ റെയിൽ നിർത്തുന്നത്. ആകാശപ്പാതയുടെ കൂറ്റൻ ഫ്രെയിമുകൾ ഒരുഭാഗത്ത് മാത്രമാണ് ഉറപ്പിച്ചത്. ഇനി മറുഭാഗത്തേക്കുള്ളത് കൂട്ടിച്ചേർക്കൽ പ്രവൃത്തികൾ നടക്കുകയാണ്. എം.ഒ റോഡിൽനിന്നും പട്ടാളം റോഡിലൂടെ ശക്തനിലേക്ക് എത്തുന്നത് വരെയുള്ള ഇടത് ഭാഗത്തെ പാതയുടെ ഫ്രെയിം ആണ് ഇപ്പോൾ തൂണുകളിൽ ഉറപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്‍റെ ഒരുഭാഗത്തെ ഫ്രെയിം സമീപത്തെ തൂണിലേക്ക് എത്തിയിട്ടില്ല.
ഇവിടെ താൽക്കാലികമായി സജ്ജമാക്കിയ ഇരുമ്പ് തൂണിലാണ് താങ്ങിയിരിക്കുന്നത്. ടൺകണക്കിന് ഭാരമുള്ളതാണ് ഫ്രെയിമുകൾ. താൽക്കാലികമായി സജ്ജമാക്കിയ ഇരുമ്പ് തൂണാണ് ഇപ്പോഴത്തെ അപകടകാരി.
നഗരത്തിലെ തിരക്കേറിയ മേഖല കൂടിയാണ് ശക്തൻ നഗറിൽ സ്റ്റാൻഡിലേക്ക് കടക്കുന്ന ഭാഗം. ഇവിടെയാണ് ഒരു സുരക്ഷയുമൊരുക്കാതെ താൽക്കാലിക ഇരുമ്പ് തൂണിൽ ടൺകണക്കിന് ഭാരമുള്ള ആകാശപ്പാതയുടെ കൂറ്റൻ ഫ്രെയിം നിർത്തിയിരിക്കുന്നത്. ഏതെങ്കിലും വാഹനം തട്ടിയാലോ അശ്രദ്ധയോടെ യാത്രക്കാർ ഇടിച്ചു കയറിയാലോ സംഭവിക്കുക
വൻ ദുരന്തമാകുമെന്ന് ഇവിടത്തെ വ്യാപാരികളും വാഹനയാത്രികരും പറയുന്നു. 10 ദിവസംകൊണ്ട് പ്രവൃത്തികൾ പൂർത്തിയാക്കുമെന്നത് കണക്കാക്കിയാണ് താൽക്കാലിക തൂണിൽ നിർത്തിയത്. എന്നാൽ, ഒരു മാസത്തോടടുക്കുന്നതോടെയാണ് യാത്രക്കാരും ഭീതിയിലായത്.
വിവരം പൊലീസിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കോർപറേഷൻ പ്രവൃത്തിയായതിനാൽ പൊലീസിന് ഒന്നും ചെയ്യാനാകില്ല. താൽക്കാലിക തൂണിന് സമീപത്ത് സുരക്ഷയായി മണൽച്ചാക്കുകളോ ഇഷ്ടികകളോ സിഗ്നൽ ബോർഡോ വെക്കുകയെങ്കിലും വേണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.