സ്ത്രീയെ നടുറോഡിൽ ആക്രമിച്ച ബ്യൂട്ടി പാർലർ ഉടമയെ അറസ്റ്റ്​ ചെയ്ത്​ ജാമ്യത്തിൽവിട്ടു അസി. കമീഷണർ അന്വേഷിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ നിർദേശം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ശാസ്തമംഗലത്ത് സ്ത്രീയെ നടുറോഡിൽ ആക്രമിച്ച ബ്യൂട്ടിപാർലർ ഉടമയെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ ജാമ്യത്തിൽവിട്ടു. ബ്യൂട്ടി പാർലർ ഉടമ മീനയെയാണ്​ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്ത് സ്​​റ്റേഷൻ ജാമ്യത്തിൽ വിട്ടത്​. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട്​ കേസെടുത്ത മനുഷ്യാവകാശ​ കമീഷൻ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ അസി. കമീഷണർക്ക്​ നിർദേശം നൽകി. നഗരമധ്യത്തിലെ ഷോപ്പിങ് കോപ്ലക്സിന്​ മുന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബ്യൂട്ടി പാർലർ ഉടമയായ മീന മോഷണമാരോപിച്ച് യുവതിയെ മർദിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നിരുന്നു. കടയ്ക്ക് മുന്നിൽ ഇരുന്നതിനെതുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലേക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബ്യൂട്ടി പാർലറിലേക്ക് വന്നയാളോട് മർദനമേറ്റ സ്ത്രീ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടിരുന്നു. ഇത് ബ്യൂട്ടി പാർലർ ഉടമ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. മോഷണ ആരോപണവും ഉയർത്തി. എന്നാൽ, താനും മകളും കടയ്ക്ക്​ മുന്നിൽ ഇരുന്നില്ലെന്നാണ്​ ശോഭന പറയുന്നത്​. മോഷ്ടാവെന്ന് തെറ്റിധരിച്ചായിരുന്നു 12 വയസ്സുള്ള മകളുടെ മുന്നിൽവെച്ച് യുവതിയെ മീന ചെരിപ്പൂരി അടിച്ചത്. ചെരിപ്പുകൊണ്ടടിക്കുന്നതും നിലത്തിട്ട് വലിച്ചിഴക്കുന്നതും വസ്ത്രം വലിച്ചഴിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുമായിരുന്നു. മകൾക്കൊപ്പം പണമിടപാട് സ്ഥാപനത്തിൽ എത്തിയതായിരുന്നു ശോഭന. ഭർത്താവിനെ ഫോൺ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് മുന്നിൽ കണ്ട ഒരാളോട് ഫോൺ ചോദിച്ചു. ഇത് കണ്ട് ഷോപ്പിങ് കോംപ്ലക്സിൽ ബ്യൂട്ടി പാർലർ നടത്തുന്ന മീന എത്തി മർദിക്കുകയായിരുന്നു. തന്‍റെ ഉപഭോക്താക്കളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു മർദനം. സ്വന്തമായി ഫോണുണ്ടായിട്ടും മറ്റൊരാളുടെ ഫോൺ ശോഭന വാങ്ങിയതായിരുന്നു പ്രകോപനം. എന്നാൽ, മർദിച്ച സ്ത്രീയെ തനിക്ക്​ ഒരു മുൻപരിചയവുമില്ലെന്നും ഒരു പ്രകോപനവുമില്ലാതെ തന്നെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നെന്നാണ്​ ശോഭന പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ മർദനമേറ്റ യുവതിയുടെ പരാതിയിൽ ആക്രമിച്ച ബ്യൂട്ടി പാർലർ ഉടമക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്​. സംഭവദിവസം തന്നെ ബ്യൂട്ടി പാർലർ ഉടമയെയും മർദനമേറ്റ യുവതിയെയും പിങ്ക്​ പൊലീസെത്തി സ്​റ്റേഷനിൽ കൊണ്ടുവന്നെങ്കിലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതിനെ തുടർന്നാണ്​ സ്​റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തത്​. എന്നാൽ, ബ്യൂട്ടി പാർലർ ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ പൊതുപ്രവർത്തകനായ സി.എൽ. രാജൻ നൽകിയ പരാതിയിലാണ്​ മനുഷ്യാവകാശ കമീഷന്‍റെ ഇടപെടലുണ്ടായത്​. സംഭവത്തെക്കുറിച്ച് കന്‍റോൺമെന്‍റ്​ അസിസ്റ്റൻറ് കമീഷണർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. പാർലർ ഉടമയായ മീന നടത്തിയ മനുഷ്യത്വരഹിതമായ നിയമലംഘനത്തിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ബ്യൂട്ടി പാർലറിനെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹരജി. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.