തിരുവനന്തപുരം: എല്ലാ ദീർഘദൂര സർവിസുകളിലും കോവിഡിന് മുമ്പുള്ളതു പോലെ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ആറ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചതായി റെയിൽവേ. ഇതിൽ നാല് ട്രെയിനുകളിൽ വ്യാഴാഴ്ച മുതൽ ജനറൽ കോച്ചുകൾ തിരികെയെത്തും. കന്യാകുമാരി-ബംഗളൂരു ഐലൻഡ് ( 16525), ബംഗളൂരു-കന്യാകുമാരി ഐലൻഡ് (16526), കൊച്ചുവേളി-ഹുബ്ബള്ളി വീക്ക്ലി സൂപ്പർഫാസ്റ്റ് (12778 ), ബാനസ്വാടി-എറണാകുളം എക്സ്പ്രസ് (12684 ) എന്നിവ വ്യാഴാഴ്ച മുതലും, എറണാകുളം-ബാനസ്വാടി എക്സ്പ്രസ് (12683) മാർച്ച് 13 മുതലും ഹുബ്ബള്ളി-കൊച്ചുവേളി വീക്ക്ലി സൂപ്പർഫാസ്റ്റ് (12777 ) മാർച്ച് 16 മുതലുമാണ് ജനറൽ കോച്ചുകളുമായി ഓടുക. ഈ ട്രെയിനുകളിലേക്കുള്ള ജനറൽ ടിക്കറ്റുകൾ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽനിന്ന് ലഭ്യമാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ട്രെയിനുകൾ ജനറൽ കോച്ചുകളുമായി ഓടുന്ന തീയതി മുതൽ സീസൺ ടിക്കറ്റിലും യാത്ര ചെയ്യാം. മാർച്ച് 16, 20, ഏപ്രിൽ ഒന്ന്, 16, 20, മേയ് ഒന്ന് എന്നീ തീയതികളിലായി ഘട്ടംഘട്ടമായി എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് ദക്ഷിണ റെയിൽവേയുടെ തീരുമാനം. ദീർഘദൂര ട്രെയിനുകളിൽ കോവിഡിന് മുമ്പുണ്ടായിരുന്ന ജനറൽ കോച്ചുകളെല്ലാം റിസർവേഷൻ കമ്പാർട്ടുമെന്‍റുകളായാണ് ഇപ്പോൾ ഓടുന്നത്. ഈ കോച്ചുകളിലെ റിസർവേഷൻ വിലയിരുത്തിയ ശേഷം ഏറ്റവും കുറഞ്ഞ ബുക്കിങ്ങുള്ള ട്രെയിനുകളിലാണ് ആദ്യഘട്ടത്തിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുന്നത്. ജനറലുകളായി ഓടിത്തുടങ്ങുന്ന ട്രെയിനുകളിൽ മുൻകൂട്ടി സെക്കൻഡ് ക്ലാസ് സിറ്റിങ് ബുക്ക് ചെയ്തിരുന്നവർക്ക് പൂർണമായും റീഫണ്ട് അനുവദിക്കും. ഓൺലൈൻ ടിക്കറ്റുകളാണെങ്കിൽ അങ്ങനെയും കൗണ്ടർ ടിക്കറ്റാണെങ്കിൽ കൗണ്ടറുകളിലെത്തിയും റീഫണ്ടിനായി അപേക്ഷ നൽകണം. ഇത്തരത്തിൽ സെക്കൻഡ് ക്ലാസ് സിറ്റിങ്ങിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവർ ജനറലിലേക്ക് മാറുന്നത് സംബന്ധിച്ച് എസ്.എം.എസായി അറിയിപ്പ് നൽകുന്നുണ്ട്. സാങ്കേതിക സംവിധാനങ്ങളിലെ പിഴവ് മൂലം സ്ലീപ്പർ, എ.സി കോച്ചുകളിൽ ബുക്ക് ചെയ്തിരുന്നവരുടെ ഫോണുകളിലേക്കും തെറ്റായി എസ്.എം.എസ് ലഭിച്ചിട്ടുണ്ട്. സെക്കൻഡ് ക്ലാസ് ജനറൽ സിറ്റിങ്ങിൽ മാത്രമാണ് മാറ്റമെന്നും മറ്റുള്ളവ ബുക്ക് ചെയ്ത പ്രകാരം തന്നെയായിരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. നേരത്തേ, ജനശതാബ്ദികളിലും രാജധാനികളിലും തുരന്തോകളിലുമൊഴികെ മറ്റെല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചെങ്കിലും ജനറൽ കോച്ചുകളോട് റെയിൽവേ മുഖം തിരിച്ചത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.