Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനറൽ കോച്ചുകൾ...

ജനറൽ കോച്ചുകൾ തിരികെയെത്തുന്നു ഇന്നു മുതൽ നാല്​ ട്രെയിനുകൾ, മേയ്​ ഒന്നോടെ പൂർണമായും

text_fields
bookmark_border
തിരുവനന്തപുരം: എല്ലാ ദീർഘദൂര സർവിസുകളിലും കോവിഡിന്​ മുമ്പുള്ളതു​ പോ​ലെ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ആറ്​ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചതായി റെയിൽവേ. ഇതിൽ നാല്​ ട്രെയിനുകളിൽ ​വ്യാഴാഴ്ച മുതൽ ജനറൽ കോച്ചുകൾ തിരികെയെത്തും. കന്യാകുമാരി-ബംഗളൂരു ഐലൻഡ്​​ ( 16525), ബംഗളൂരു-കന്യാകുമാരി ഐലൻഡ്​ (16526), കൊച്ചുവേളി-ഹുബ്ബള്ളി വീക്ക്​ലി സൂപ്പർഫാസ്റ്റ്​ (12778 ), ബാനസ്​വാടി-എറണാകുളം എക്സ്​പ്രസ്​ (12684 ) എന്നിവ വ്യാഴാഴ്ച മുതലും, എറണാകുളം-ബാനസ്​വാടി എക്സ്​പ്രസ്​ (12683) മാർച്ച്​ 13 മുതലും ഹുബ്ബള്ളി-കൊച്ചുവേളി വീക്ക്​ലി സൂപ്പർഫാസ്റ്റ്​ (12777 ) മാർച്ച്​ 16 മുതലുമാണ്​ ജനറൽ കോച്ചുകളുമായി ഓടുക. ഈ ട്രെയിനുകളിലേക്കുള്ള ജനറൽ ടിക്കറ്റുകൾ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽനിന്ന്​ ലഭ്യമാക്കാൻ ​ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്​. ഈ ട്രെയിനുകൾ ജനറൽ കോച്ചുകളുമായി ഓടുന്ന തീയതി മുതൽ സീസൺ ടിക്കറ്റിലും യാത്ര​ ചെയ്യാം. മാർച്ച്​ 16, 20, ഏ​പ്രിൽ ഒന്ന്​, 16, 20, മേയ്​ ഒന്ന്​ എന്നീ തീയതികളിലായി ഘട്ടംഘട്ടമായി എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ്​ ദക്ഷിണ റെയിൽവേയുടെ തീരുമാനം. ദീർഘദൂര ട്രെയിനുകളിൽ കോവിഡിന്​ മുമ്പുണ്ടായിരുന്ന ജനറൽ കോച്ചുകളെല്ലാം റിസർവേഷൻ കമ്പാർട്ടുമെന്‍റുകളായാണ്​ ഇപ്പോൾ ഓടുന്നത്​. ഈ കോച്ചുകളിലെ റിസർവേഷൻ വിലയിരുത്തിയ ശേഷം ഏറ്റവും കുറഞ്ഞ ബുക്കിങ്ങുള്ള ട്രെയിനുകളിലാണ്​ ആദ്യഘട്ടത്തിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തുന്നത്​. ​ ജനറലുകളായി ഓടിത്തുടങ്ങുന്ന ട്രെയിനുകളിൽ മുൻകൂട്ടി സെക്കൻഡ്​​ ക്ലാസ്​ സിറ്റിങ്​ ബുക്ക്​ ചെയ്തിരുന്നവർക്ക്​ പൂർണമായും റീഫണ്ട്​ അനുവദിക്കും. ഓൺലൈൻ ടിക്കറ്റുകളാണെങ്കിൽ അങ്ങനെയും കൗണ്ടർ ടിക്കറ്റാണെങ്കിൽ കൗണ്ടറുകളിലെത്തിയും റീഫണ്ടിനായി അപേക്ഷ നൽകണം. ഇത്തരത്തിൽ സെക്കൻഡ്​​ ക്ലാസ്​ സിറ്റിങ്ങിൽ മുൻകൂട്ടി ബുക്ക്​ ചെയ്തിരുന്നവർ ജനറലിലേക്ക്​ മാറുന്നത്​ സംബന്ധിച്ച്​ എസ്​.എം.എസായി അറിയിപ്പ്​ നൽകുന്നുണ്ട്​. സാ​ങ്കേതിക സംവിധാനങ്ങളിലെ പിഴവ്​ മൂലം സ്ലീപ്പർ, എ.സി കോച്ചുകളി​ൽ ബുക്ക്​ ചെയ്തിരുന്നവരു​ടെ ഫോണുകളിലേക്കും തെറ്റായി എസ്​.എം.എസ്​ ലഭിച്ചിട്ടുണ്ട്​. സെക്കൻഡ്​ ക്ലാസ്​ ജനറൽ സിറ്റിങ്ങിൽ മാത്രമാണ്​ മാറ്റമെന്നും മറ്റുള്ളവ ബുക്ക്​ ചെയ്ത പ്രകാരം തന്നെയായിരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി. നേരത്തേ, ജനശതാബ്​ദികളിലും രാജധാനികളിലും തുര​ന്തോകളിലുമൊഴികെ മറ്റെല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചെങ്കിലും ജനറൽ കോച്ചുകളോട്​ റെയിൽവേ മുഖം തിരിച്ചത്​ ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story