ആറ്റിങ്ങല്‍: കെ- റെയില്‍ സർവേക്കെതിരെ പ്രതികരിച്ചവരെ അറസ്റ്റ് ചെയ്യാന്‍ ബോധപൂർവം സംഘര്‍ഷം സൃഷ്ടിച്ചതെന്ന് ആക്ഷേപം.
ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൊലീസ് നേരിട്ട് ബലപ്രയോഗം നടത്തിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ സമരസമിതിക്ക് നേരെ കെ-റെയില്‍ അനുകൂലിയുടെ കൈയേറ്റം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കി പൊലീസ് ഇടപെടുകയായിരുന്നു. സ്ഥലത്തെ സംഭവ ദൃശ്യങ്ങളെല്ലാം പൊലീസും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ 23ലെ ഹൈകോടതി ഉത്തരവ് അനുസരിച്ച് കല്ലിടലിന് ബലപ്രയോഗം പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് മറ്റൊരുതരത്തില്‍ സംഘര്‍ഷമുണ്ടാക്കി പൊലീസ് ഇടപെടല്‍ നടത്തി സമരക്കാരെ അറസ്റ്റ് ചെയ്തും മറ്റ് വസ്തു ഉടമകളെ വിരട്ടിയോടിച്ചും സർവേ നടത്തിയത്.
കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സർവേ നടന്നതും സംഘര്‍ഷമുണ്ടായതും. എന്നാല്‍, അറസ്റ്റിലായ ഒരു വ്യക്തിയെയും കടയ്ക്കാവൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയില്ല. ആദ്യം അറസ്റ്റിലായ ജനകീയസമിതി നേതാക്കളെ ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. ഇതിനുശേഷം അറസ്റ്റിലായ കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കല്ലമ്പലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവര്‍ക്ക് നേരത്തേ ജാമ്യം അനുവദിച്ചെങ്കിലും ജനകീയ സമിതിക്കാരുടെ നടപടികള്‍ വൈകിപ്പിച്ച് വൈകുന്നേരം കല്ലിടല്‍ പൂര്‍ത്തിയായി ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് ശേഷമാണ് വിട്ടയച്ചത്.
കൂടുതല്‍ പ്രതിഷേധങ്ങള്‍ പൊലീസ് പ്രതീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് ഘട്ടംഘട്ടമായി അറസ്റ്റിലാകുന്നവരെ സമീപത്തെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയത്.
വനിതകളെ ഉൾപ്പെടെ മർദിച്ചതും പിടിച്ചു പൊലീസ് വാഹനത്തിൽ കയറ്റിയതും പുരുഷ പൊലീസുകാരായിരുന്നു. ഇത് സമരക്കാർ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ പ്രകോപിതരാകുകയായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി നിയാസിന് കീഴില്‍ കല്ലമ്പലം, വര്‍ക്കല, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, നഗരൂര്‍, ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരും എ.ആര് ക്യാമ്പില്‍നിന്നുള്ള പൊലീസുകാരുമാണ് ക്രമസമാധാന പാലനത്തിന് ഇറങ്ങിയത്.
വൈകുന്നേരം കല്ലിടല്‍ പൂര്‍ത്തിയാകുന്നതുവരെയും മേഖലയില്‍ പൊലീസ് ബന്തവസ് തുടര്‍ന്നു. തൊപ്പിച്ചന്ത ഇസ്ലാംമുക്ക്, ചെറുകരക്കോണം, പന്തുകുളം മേഖലകളിലാണ് കല്ലിടല്‍ നടത്തിയത്. സർവേ നടത്തി കല്ലിട്ടതോടെ നേരത്തേ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വീടുകള്‍ ഈ മേഖലയില്‍ പോകുമെന്ന് വ്യക്തമായി.
ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ പഞ്ചായത്ത് പരിധിയില്‍ തൊപ്പിച്ചന്ത ഇസ്ലാംമുക്കിൽ ജനകീയസമിതിക്ക് പിന്നാലെ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇടത് സര്‍ക്കാറിന്റെ അഴിമതി പദ്ധതി അനുവദിക്കില്ല, ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ പറ്റില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊപ്പിച്ചന്തയിലെ സർവേ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയത്. ഇവരെ പൊലീസ് തടയുകയും എട്ടുപേരെ സ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കടയ്ക്കാവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ പെരുങ്കുളം അന്‍സര്‍, പ്രതിപക്ഷനേതാവ് സജി കടയ്ക്കാവൂര്‍, മണമ്പൂര്‍ പഞ്ചായത്ത് മെംബര്‍ ഒലീത്, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ആനന്ദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ്, സേവാദള്‍ ജില്ല ജനറല്‍ സെക്രട്ടറി പാലാംകോണം ജമാല്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ്, മുന്‍ മണമ്പൂര്‍ പഞ്ചായത്ത് മെംബര്‍ രാധാകൃഷ്ണന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.