ഡൊ​മി​നി​ക് പീ​റ്റ​ർ,

വി​ഷ്ണു​പ്ര​സാ​ദ്​

ലഹരികടത്ത് സംഘത്തിലെ സൂത്രധാരന്മാർ പിടിയിൽ

ആറ്റിങ്ങൽ: കടയ്ക്കാവൂർ മണനാക്ക് മാസ് ഓഡിറ്റോറിയത്തിന് സമീപം സെപ്റ്റംബർ 28ന് ഒരു കോടി രൂപയുടെ മയക്കുമരുന്നു പിടിച്ച കേസിലെ സൂത്രധാരന്മാരും ലഹരികടത്ത് കേസിലെ മുഖ്യപ്രതികളും പിടിയിലായി.

വട്ടിയൂർക്കാവ് കല്ലുമല പരുത്തിവിള എം.ആർ.എ 96 ആഞ്ജനേയം വീട്ടിൽ വിഷ്ണുപ്രസാദ് (28), മേനംകുളം തുമ്പ പള്ളിത്തുറ ആറാട്ടുവഴി പാലത്തിനു സമീപം പീറ്റർ ഹൗസിൽ ഡൊമിനിക് പീറ്റർ (26) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 28ന് സ്കൂട്ടറിൽ മയക്കുമരുന്നുമായി വന്ന ശബരീനാഥ്, നിഷാൻ എന്നിവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐമാരായ ദീപു, മാഹിൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ് കുമാർ, ബാലു, സജു, സി.പി.ഒമാരായ ഡാനി, അഖില്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.

ഇവർ നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിൽനിന്നും എറണാകുളത്തുനിന്നും പ്രതികളെ പിടികൂടിയത്. കേരളത്തിൽനിന്ന് ബംഗളൂരുരിൽ പ്രഫഷനൽ കോഴ്സിനും മറ്റും പഠിക്കുന്ന വിദ്യാർഥികളെ കാരിയർ ആക്കിയും, ഐ.ടി ഫീൽഡിൽ ജോലിചെയ്യുന്ന യുവാക്കളെ ലഹരി കടത്തുന്ന സംഘത്തിൽ ഉൾപ്പെടുത്തിയും ആണ് പ്രതികൾ കേരളത്തിൽ വിൽപനക്കായി മയക്കുമരുന്ന് എത്തിക്കുന്നത്.

കേസിലെ ഒന്നും രണ്ടും പ്രതികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബംഗളൂരുവിലെ ഐ.ടി മേഖലയിൽ ജോലി ചെയ്തുവന്ന വിഷ്ണുപ്രസാദിനെ പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരികടത്തിന്റെ മുഖ്യപ്രതിയായ ഡൊമിനിക് പീറ്ററിനെ എറണാകുളത്തുനിന്നും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഡൊമിനിക് പീറ്ററിന് കഴക്കൂട്ടം, കഠിനംകുളം, ചിറയിൻകീഴ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. നിരവധി തവണ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരികടത്തുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനിടയിലാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡൊമിനിക് പീറ്ററിന്റെ മുഖ്യ കണ്ണികളായി പ്രവർത്തിക്കുന്നവരെയും സഹായികളായി കേരളത്തിൽനിന്നുള്ള ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രഫഷനൽ കോഴ്സിന് പഠിക്കുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തിവരുന്നു. 

Tags:    
News Summary - Masterminds of drug trafficking gang arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.