ആറ്റിങ്ങൽ: പുതിയ ദേശീയപാത നിർമാണത്തിൽ സുരക്ഷ സംവിധാനങ്ങളൊരുക്കാത്തത് അപകടം സൃഷ്ടിക്കുന്നു. ദേശീയപാത നിർമാണത്തിന് എടുത്ത കുഴിയിൽ കാർ വീണ് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചു.
ദേശീയപാത ആറുവരി പാതയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മാമം മുതൽ കല്ലമ്പലം ആഴാംകോണംവരെ പുതിയ സമാന്തര പാതയാണ് നിർമിക്കുന്നത്. താഴ്ന്ന പ്രദേശം മണ്ണിട്ട് നികത്തിയും ഉയർന്ന പ്രദേശം ഇടിച്ച് താഴ്ത്തിയുമാണ് പുതിയ പാത നിർമിക്കുന്നത്. 30 അടി താഴ്ചയിൽവരെ മണ്ണ് ഇടിച്ച് ഇറക്കിയിട്ടുണ്ട്. ഇവിടെയെല്ലാം വീടുകൾ അപകടാവസ്ഥയിലാണ്. മണ്ണിടിച്ചിൽ ഉണ്ടായാൽ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിലംപതിക്കും. ഇത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പ്രധാന റോഡുകൾ പുതിയ ദേശീയപാതയിലേക്ക് വന്നുചേരുന്ന ആറ്റിങ്ങൽ, ചിറയിൻകീഴ് റോഡിൽ രാമച്ചംവിള, ആലംകോട് കടയ്ക്കാവൂർ റോഡിൽ തൊപ്പിച്ചന്ത എന്നീ സ്ഥലങ്ങൾ കൂടുതൽ അപകടാവസ്ഥയിലാണ്. ഇവിടെയെല്ലാം ദേശീയപാതക്ക് മുകളിലൂടെയാണ് ഈ റോഡുകൾ കടന്നുപോകുന്നത്.
ഈ ഭാഗത്ത് റോഡിന്റെ ഇരുവശത്തും വലിയരീതിയിൽ കുഴിച്ചുതാഴ്ത്തിയിട്ടുണ്ട്. നിർമാണം ആരംഭിച്ചപ്പോൾ സ്ഥാപിച്ച സൂചന ബോർഡുകൾ പലതും ഇപ്പോൾ മാറ്റിവെച്ച നിലയിലാണ്. ഈ ഭാഗം കെട്ടി അടയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
മണ്ണ് ഇടിച്ചുതാഴ്ത്തിയ സ്ഥലങ്ങളിലെ അപകട സാധ്യതകൾ സംബന്ധിച്ച് നാട്ടുകാർ നിരവധി തവണ അധികൃതരോട് പരാതി അറിയിച്ചിരുന്നു. എന്നാൽ, നടപടി മാത്രം ഉണ്ടായില്ല. പരാതിയെതുടർന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ സ്ഥലം സന്ദർശിച്ചിരുന്നു. നാട്ടുകാരുടെ പരാതി കേട്ട് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.