ആലംകോട് മത്സ്യ മാർക്കറ്റിലെ അടച്ചിട്ടിരിക്കുന്ന ടോയ്ലറ്റ് ബ്ലോക്ക്
ആറ്റിങ്ങൽ: ടോയ്ലറ്റ് ബ്ലോക്ക് അടച്ചിട്ടിട്ട് വർഷങ്ങളായതോടെ ആലംകോട് മേഖലയിൽ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം ഇല്ലാതെ പൊതുജനം.
ആറ്റിങ്ങൽ നഗരസഭപരിധിയിലെ പ്രധാന വ്യാപാരമേഖലയാണ് ആലംകോട്. കടകമ്പോളങ്ങൾ, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ജില്ലയിലെ ഏറ്റവും വലിയ മത്സ്യ മാർക്കറ്റ് എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പ്രതിദിനം ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ ജങ്ഷനിൽ പൊതുശൗചാലയം ഇല്ല. ആറ്റിങ്ങൽ നഗരസഭ മത്സ്യമാർക്കറ്റിനോടുചേർന്ന് വർഷങ്ങൾക്കുമുമ്പ് പൊതുശൗചാലയം നിർമിച്ചെങ്കിലും ഒരു വർഷത്തിനുള്ളിൽ പൂട്ടുകയായിരുന്നു.
മത്സ്യ മാർക്കറ്റിൽ മാത്രം പ്രതിദിനം രണ്ടായിരത്തോളം ആൾക്കാർ എത്തിച്ചേരുന്നുണ്ട്. ഇവിടെ എത്തിച്ചേരുന്ന ഇതരസംസ്ഥാന ലോറികളിലെ ജീവനക്കാർ മാത്രം 200 ഓളം പേർ വരും. ഇവരെല്ലാം പ്രാഥമിക ആവശ്യങ്ങൾക്ക് സൗകര്യമില്ലാതെ പൊതുസ്ഥലങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉയർത്തുന്നു.
നാട്ടുകാരും പൊതുപ്രവർത്തകരും ഈ വിഷയം നഗരസഭയോട് നിരന്തരം പറയുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ആലംകോട് മാർക്കറ്റിൽനിന്ന് നഗരസഭക്ക് ലഭിക്കുന്നത്. എന്നാൽ വികസനകാര്യങ്ങളിൽ ഒരു പരിഗണനയും ഈ മേഖലക്ക് ലഭിക്കാറില്ല. ഒരു മൂത്രപ്പുര പോലും നിർമിച്ചുനൽകാത്ത അധികൃതരുടെ നടപടിയിൽ ജനരോഷം ശക്തമാണ്. മത്സ്യമാർക്കറ്റിലെ ടോയ്ലറ്റ് ബ്ലോക്ക് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കുകയോ മേഖലയിൽ ടേക് എ ബ്രേക്ക് സംവിധാനം കൊണ്ടുവരുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.