കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചർച്ചക്കെടുക്കും. എൽ.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് എസ്.ഡി.പി.ഐ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി പ്രസിഡൻറ് പുറത്തായേക്കും.
ബി.ജെ.പി പ്രതിനിധിയായ പ്രസിഡന്റ് വി. ഷിബുലാലിനെതിരെയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. നിലവിൽ ബി.ജെ.പിയും എൽ.ഡി.എഫും തുല്യബലത്തിലുള്ള പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ രണ്ട് അംഗങ്ങളുണ്ട്.
പ്രസിഡന്റിനെതിരെ കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കുമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതോടെയാണ് ഭരണമാറ്റ സാധ്യത തെളിഞ്ഞത്.
എൽ.ഡി.എഫ് അംഗങ്ങളായ ലോകേഷ് ആർ, സജീർ എസ്, ഫാൻസി വി, കെ. ബേബി ഗിരിജ, ദീപ്തി മോഹൻ, വിജി വി, ദീപ ടി എന്നിവരാണ് നോട്ടീസ് നൽകിയത്. അഴിമതി, വികസന ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തൽ, കുടുംബശ്രീ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ തുടങ്ങിയ നടപടികൾ തുടരുന്നതിനാലാണ് അവിശ്വാസം കൊണ്ടുവരേണ്ടിവന്നതെന്ന് ഇടത് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പഞ്ചായത്തിൽ എൽ.ഡി.എഫ് -7, ബി.ജെ.പി -7, കോൺഗ്രസ് -2, എസ്.സി.പി.ഐ -2 എന്നിങ്ങനെയാണ് കക്ഷി നില. മേഖലയിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. ബി.ജെ.പിക്ക് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു.
രണ്ടു മാസം മുമ്പ് രണ്ടു ബി.ജെ.പി അംഗങ്ങൾ രാജിവെച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടുസീറ്റും എൽ.ഡി.എഫ് പിടിച്ചെടുത്തു. അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്ചയിലെ അവിശ്വാസം പാസാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.