കല്ലമ്പലം: ഗൂഗ്ൾ പേയുടെ മറവിൽ കടയുടമയെ കബളിപ്പിച്ച് പണം തട്ടി. നാവായിക്കുളം ഡീസന്റ്മുക്ക് ഫിദ സ്റ്റോറിലാണ് തട്ടിപ്പ് നടന്നത്. ബൈക്കിൽ എത്തിയ യുവാവ് കടയിലെത്തി 180 രൂപ വിലയുള്ള സിഗരറ്റ് വാങ്ങി. പണം അടക്കുന്നതിന് ഗൂഗ്ൾ പേ നമ്പർ ചോദിച്ചു. കടയുടമ നമ്പർ നൽകിയപ്പോൾ തന്റെ സഹോദരൻ ഈ നമ്പറിലേക്ക് ഇപ്പോൾ പണം അയക്കുമെന്ന് പറയുകയും യുവാവ് കടയിൽ കാത്തിരിക്കുകയും ചെയ്തു.
15 മിനിറ്റോളം കടയിലിരുന്ന യുവാവ് പൈസ അയച്ചതായും അബദ്ധത്തിൽ ഒരു പൂജ്യം കൂടിപ്പോയി 1800 രൂപ അയച്ചുവെന്നും പറയുകയും ഒരു വ്യാജ സ്ക്രീൻഷോട്ട് കാണിക്കുകയും ചെയ്തു. ബാക്കി തുക മടക്കിനൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടമ 1620 രൂപ യുവാവിന് നൽകി. പണവും വാങ്ങി യുവാവ് മടങ്ങി. സംശയം തോന്നിയ കടയുടമ മറ്റൊരാളുടെ സഹായത്തോടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ തുക തന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകി.
യുവാവ് കടയിൽ എത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതും പൊലീസിന് കൈമാറി. സമീപ പ്രദേശങ്ങളിലും സമാന രീതിയിൽ പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇവിടങ്ങളിൽ നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മുക്കിലെ വ്യാപാരസ്ഥാപനത്തിൽ നിന്ന് 1000 രൂപയും മടവൂരിലെ വ്യാപാരസ്ഥാപനത്തിൽനിന്ന് 5000 രൂപയുമാണ് തട്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.