കല്ലറ: ഗ്രാമീണ ജനതയുടെ വീറുറ്റ പോരാട്ടത്തിന്റെ കനലെരിയുന്ന ഏടായ കല്ലറ-പാങ്ങോട് സമരത്തിന് 85 ആണ്ട് പൂർത്തിയായി. സമരത്തിന്റെ ഓർമകൾ പങ്കിട്ട് വ്യാപകമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
1938 സെപ്റ്റംബര്‍ 30നാണ് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം ഉള്‍പ്പെട്ട ഐതിഹാസികമായ പൊലീസ് സ്റ്റേഷൻ ആക്രമണം നടത്തിയത്. തുടർന്നുള്ള പൊലീസുകാരുടെ വെടിവെപ്പിൽ പ്ലാക്കീഴിൽ കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും രക്തസാക്ഷികളായി.
ഘാതകൻ ഗോപാലൻ എന്ന സമരാനുകൂലിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളെ പൊലീസ് സ്റ്റേഷന് മുന്നിൽ സംസ്കരിച്ചതും കുഴിമാടങ്ങളിൽ തെങ്ങിൻ തൈകൾ നട്ടതും ചരിത്രത്തിന്റെ ഭാഗമാണ്. പഴയ പൊലീസ് സ്റ്റേഷൻ മന്ദിരവും ആ തെങ്ങുകളിലൊന്നും ഇപ്പോഴും ചരിത്രസാക്ഷികളായി നിലക്കൊള്ളുന്നുണ്ട്.
കല്ലറ ചന്തയിലെ അനധികൃത ചുങ്കപ്പിരിവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സായുധ വിപ്ലവത്തിലേക്ക് നയിച്ചത്. സമരത്തിന്റെ 85-ാം വര്‍ഷത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ പുതുക്കി സ്വാതന്ത്ര്യസമര സ്മൃതിവേദി കല്ലറയിൽ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
സമരത്തിന്റെ ഭാഗമായി കല്ലറയില്‍നിന്ന് പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് ജനക്കൂട്ടം മാര്‍ച്ച് നടത്തിയതിനെ ഓര്‍മിപ്പിച്ച് പൗരപ്രമുഖരും കല്ലറ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും അണിനിരന്ന സ്മൃതിയാത്ര സംഘടിപ്പിച്ചു. സ്മൃതിയാത്ര രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചു. സ്മൃതിവേദിക്കുവേണ്ടി ചെയര്മാന് രതീഷ് അനിരുദ്ധന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
കല്ലറ: രണ്ടുപേർ ബ്രിട്ടീഷ് അനുകൂല പൊലീസുകാരാൽ കൊല്ലപ്പെടുകയും രണ്ടുപേർ തൂക്കിലേറ്റപ്പെടുകയും നിരവധിപേർ തടവറയിൽ കൊല്ലപ്പെടുകയും തല്ലിച്ചതക്കപ്പെടുകയും ചെയ്ത കല്ലറ-പാങ്ങോട് സമരത്തിന് അർഹമായ സ്മാരകങ്ങൾ ഇന്നും യാഥാർഥ്യമായിട്ടില്ല. കല്ലറയിൽ രക്തസാക്ഷി മണ്ഡപം മാത്രമാണ് സമരത്തിന്റെ പേരിലുള്ള ഏക അടയാളം. പാങ്ങോട് വെടിവെപ്പ് നടന്ന പഴയ പൊലീസ് സ്റ്റേഷൻ സമര സ്മാരകം ആക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും സംരക്ഷണ നടപടികളൊന്നുമില്ല.
ആധുനിക ചരിത്രകാരൻമാരും ഭരണകൂടങ്ങളും അർഹമായ പ്രാധാന്യം നൽകാത്തതിനെ നാട്ടുകാർ പലപ്പോഴും വിമർശിക്കുന്നുണ്ട്. തിരുവിതാംകൂറിലെ ഏറ്റവും വലിയ രക്തരൂക്ഷിതമായ കർഷക കലാപമായ കല്ലറ-പാങ്ങോട് സമരത്തെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്ലറ സ്കൂളില്‍ പ്രാദേശിക ചരിത്രപഠനവുമായി ബന്ധപ്പെട്ട സെമിനാറും സംഘടിപ്പിച്ചു. കല്ലറ അജയന് ഉദ്ഘാടനം ചെയ്തു. പ്രാദേശിക ചരിത്രകാരന് ചേപ്പിലോട് വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍ മാലി ഗോപിനാഥ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് സുനില്‍കുമാര്‍, അധ്യാപകരായ ഗിരീഷ്, അനീസ്ഖാന്‍, അനില്‍ കുമാര്‍, സ്മൃതി വേദി കണ്‍വീനര്‍ ഹാറൂണ്‍ എസ്.ജി, പൊതുപ്രവര്‍ത്തകരായ നഹാസ് നദീറ താഹ, കല്ലറ യൂസഫ്, വി.കെ. പ്രശാന്ത്, ജയന് ലൈസിയം, നിഷാന്ത്, വേണുഗോപാലന്‍ നായര്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്മൃതിയാത്രയോടും സ്മൃതിദിനാചരണത്തോടും കൂടി ഒരുവര്‍ഷം നീളുന്ന 85-ാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി. പാങ്ങോട് പഴയ പൊലീസ് സ്റ്റേഷന്റെ മുന്നിലും പുഷ്പ്പാർച്ചന നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.