ശ്യാംനായർ, അരുൺ
കല്ലറ: മദ്യലഹരിയിൽ വനിത ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രിയിലെ സാധന സാമഗ്രികൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതികൾ പിടിയിൽ. കല്ലറ കാട്ടുപുറം സ്വദേശി അരുൺ (24), മുണ്ടോണിക്കര സ്വദേശി ശ്യാംനായർ (43) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കൾ രാത്രി 11.35 ഓടെ കല്ലറ തറട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ആശുപത്രിയിൽ തലയിൽ മുറിവേറ്റ് ചികിൽസക്കെത്തിയ ഒന്നാം പ്രതി അരുൺ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടർ ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രതിയുടെ മുറിവിൽ ഡോക്ടറും നഴ്സുമാരും ചേർന്ന് മരുന്ന് വെക്കുന്നതിനിടെ അരുണിന്റെ സുഹൃത്ത് ശ്യാം ലാൽ റൂമിൽ അതിക്രമിച്ചുകയറി വീഡിയോ പകർത്തി.
ഇതു തടയാൻ ശ്രമിച്ച ഡോക്ടറെയും നഴ്സുമാരെയും വീണ്ടും പ്രതികൾ ചേർന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ഇൻജക്ഷൻ റൂമിൽ കയറി കത്രിക എടുത്തു കൊണ്ടുവന്ന് ഡോക്ടറെ കുത്താൻ ശ്രമിക്കുകയും ആശുപത്രിയിലെ മരുന്ന് ഉൾപ്പടെയുള്ള സാധനസാമഗ്രികൾ അടിച്ചുനശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടർ പാങ്ങോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പാങ്ങോട് എസ്.എച്ച്.ഒ ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത്ത് കെ. നായർ, എസ്.സി.പി.ഒ ദിലീപ്, റജിമോൻ, സജിത്ത്, സി.പി.ഒ സിദ്ദീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.