കാട്ടാക്കട: കുരുതംകോട് നെയ്യാറിന്റെ തീരത്തെ സ്വകാര്യ ഭൂമിയിൽ മാലിന്യം വൻതോതിൽ തള്ളുന്നു. കുരുതംകോട് കളത്തറയ്ക്കൽ റോഡിന്റെ അവസാനം സ്വകാര്യ പുരയിടത്തിലാണ് തലസ്ഥാന ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജൈവ, അജൈവ മാലിന്യങ്ങൾ ലോറിയിൽ കൊണ്ടുവന്ന് തള്ളുന്നത്. മൂന്ന് വർഷത്തിലേറെയായി ഇവിടെ മാലിന്യ നിക്ഷേപം തുടരുന്നു.
പഞ്ചായത്ത്, പൊലീസ് അധികൃതര്‍ ഇടപെട്ടിട്ടും മാലിന്യക്കൂനയുടെ വലിപ്പം ദിനംപ്രതി കൂടുന്നതായും മാലിന്യനിക്ഷേപത്തിന് പരിഹാരമാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം. പരിസരവാസികൾക്ക് ബുദ്ധിമുട്ടായതോടെ ആരോഗ്യവകുപ്പിനുൾപ്പെടെ പരാതി നൽകിയിരുന്നു.
തുടർന്ന്, പഞ്ചായത്ത് അധികൃതർ സ്വകാര്യ വ്യക്തിക്ക് പിഴയിട്ടെങ്കിലും മാലിന്യ നിക്ഷേപം തുടർന്നു. പരാതിയെ തുടർന്ന് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്യാൻ നിർദേശം നൽകിയെങ്കിലും രാത്രി വീണ്ടും ലോറിയിൽ കൂടുതൽ മാലിന്യം തള്ളിയെന്ന് നാട്ടുകാർ പറഞ്ഞു.
നഗരത്തിലെ അറവുശാലകളിൽ നിന്നുള്ള മാംസാവശിഷ്ടം, പ്ലാസ്റ്റിക് എന്നിവ ഉൾപ്പെടുന്നതാണ് മാലിന്യം. അസഹ്യമായ ദുർഗന്ധം പരിസരമാകെ നിറയുന്ന സ്ഥിതിയുണ്ട്. മാംസാവശിഷ്ടങ്ങൾ പറവകള്‍ കൊത്തിയെടുത്ത് സമീപത്തെ വീടുകളിലെ കിണറുകളിലും നെയ്യാറിലും കൊണ്ടിടുന്നതും പതിവാണ്. ഇതുകാരണം നെയ്യാറും പ്രദേശത്തെ ജലസംഭരണികളും മലിനമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.