കഴക്കൂട്ടം: സമൂഹമാധ്യമമായ ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപ്രതികൾ കൂടി പിടിയിലായി. പാലക്കാട് പരുതൂർ സ്വദേശി സഞ്ചു എന്ന ഉണ്ണിക്കൃഷ്ണൻ (20), മലപ്പുറം വളാഞ്ചേരി സ്വദേശി മഹേഷ് (37) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ മലപ്പുറം പെരിന്തൽമണ്ണ വെങ്ങാട് സ്വദേശി ഗോകുൽ (20) പോക്സോ കേസിൽ റിമാൻഡിലാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഷെയർ ചാറ്റ് വഴി ഒരു കുറ്റകൃത്യം നടക്കുന്നത്. മാതാപിതാക്കൾ സ്ഥലത്തില്ലാത്ത പെൺകുട്ടികളെ കണ്ടെത്തി പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതികളുടെ രീതി.
മലപ്പുറം സ്വദേശിയായ 20കാരൻ ഷെയർ ചാറ്റ് ഉപയോഗിച്ച് പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയിലെ അസ്വാഭാവികതകൾ തിരിച്ചറിഞ്ഞ ബന്ധുക്കൾ വിവരം ചോദിച്ചറിഞ്ഞ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കരുനാഗപ്പള്ളിയിലെ ജ്യൂസ് കടയിൽ ജോലി ചെയ്യവേയാണ് ഒന്നാം പ്രതിയായ ഗോകുലിനെ അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ചതിനുശേഷം പെൺകുട്ടിയുടെ പക്കൽ ഉണ്ടായിരുന്ന നാലുപവൻ സ്വർണാഭരണങ്ങൾ ഇയാൾ കൈക്കലാക്കി. രണ്ടാം പ്രതിയായ ഉണ്ണിക്കൃഷ്ണനുമൊത്താണ് ഗോകുൽ പെൺകുട്ടിയെ കാണാനെത്തിയത്. പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയ സ്വർണം വിറ്റ് പണം നൽകിയതിനാണ് മഹേഷിനെ പിടികൂടിയത്.
നേരത്തെ പാലക്കാട് കൃഷ്ണപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും ഗോകുൽ പോക്സോ കേസിൽ അറസ്റ്റിലാകുന്നത്. ഇയാളുടെ ജാമ്യം റദ്ദാക്കാൻ കൃഷ്ണപുരം പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.