കിളിമാനൂർ: മെഡിക്കൽ ഓഫിസർ അടക്കം എട്ട് ഡോക്ടർമാരുള്ള കമ്യൂനിറ്റി സെന്ററിൽ രോഗികളെ പരിശോധിക്കാൻ ആളില്ല. മെഡിക്കൽ ഓഫിസർ ലീവിൽ പോയതോടെ ആശുപത്രി ‘നാഥനില്ല കളരി’യായി മാറി. ചൊവ്വാഴ്ച ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ജില്ല പഞ്ചായത്തംഗം സ്ഥലത്തെത്തി.
ഡ്യൂട്ടി നിർത്തിപ്പോയ ഡോക്ടറെ തിരികെ വിളിച്ച് പ്രശ്നം താൽകാലികമായി പരിഹരിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കേശവപുരം കമ്യൂനിറ്റി സെന്ററിലാണ് ഡോക്ടർമാർ ഉണ്ടായിട്ടും രോഗികൾക്ക് യഥാസമയം ചികിത്സ കിട്ടാതെ പോകുന്നത്. രാവിലെ ഒമ്പതിനാണ് ഒ.പി ആരംഭിക്കുന്നത്.
പത്ത് ആയാലും ഡോക്ടർമാർ എത്താറില്ലത്രേ. എട്ട് ഡോക്ടർമാരാണ് രണ്ട് സെക്ഷനി ലായി സേവനം അനുഷ്ടിക്കുന്നത്. പലപ്പോഴും ഒന്നോ രണ്ടോ പേരാണ് രാവിലെ ഡ്യൂട്ടിക്കെത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഒ.പിയിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രി സൂപ്രണ്ടിനെ വിളിച്ചപ്പോൾ ലീവിലാണെന്നും പകരം മറ്റൊരാൾക്ക് ചാർജ് കൊടുത്തതായും പറഞ്ഞു. എന്നാൽ അദ്ദേഹവും സമയത്ത് എത്തിയില്ല.
പനിയടക്കം രോഗങ്ങളുമായി കൈക്കുഞ്ഞുമായി എത്തിയവർ ഒ.പി ടിക്കറ്റെടുത്ത് കാത്തിരുന്നിട്ടും ഡോക്ടർമാരെ കാണാൻ കഴിയാത്തതോടെ പ്രതിഷേധിച്ചു. ജില്ല പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ സ്ഥലത്തെത്തുകയും രോഗികളുടെ ആധിക്യം കണക്കിലെടുത്ത് ഉച്ചക്ക് ഡ്യൂട്ടി കഴിഞ്ഞ് പോയ ഡോക്ടറെ തിരികെ വിളിച്ചു വരുത്തുകയുമായിരുന്നു.
വിഷയത്തിൽ പ്രതികരിക്കാൻ സൂപ്രണ്ട് തയാറായില്ല. നിലവിൽ ആശുപത്രി പ്രവർത്തനം പൂർണമായും സജ്ജമാണെന്നും ഇന്നലെയുണ്ടായ വിഷയം അന്വേഷിക്കാമെന്നും ബ്ലോക്ക് ആരോഗ്യ സമിതി അധ്യക്ഷ ദീപ ‘മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രി പ്രവർത്തനം സംബന്ധിച്ച് നിരവധി പരാതികളാണുള്ളതെന്നും ജനകീയ പ്രക്ഷോഭം സംഘ ടിപ്പിക്കുമെന്നും കോൺഗ്രസ് വെള്ളല്ലൂർ പ്രസിഡന്റ് അനന്തു കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.