തിരുവനന്തപുരം: വനിത ശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ സംഘടിത സ്ത്രീമുന്നേറ്റത്തിന്റെ ഉജ്ജ്വല മാതൃകയും സമാനതകളില്ലാത്ത സാമൂഹിക ശൃംഖലയുമായ കുടുംബശ്രീ 25ാം വയസിന്റെ നിറവിലാണ്. 1998ല്‍ അയൽകൂട്ടങ്ങളായി ഭക്ഷ്യോൽപന്ന നിര്‍മാണ മേഖലയിൽ ചെറിയ സംരംഭങ്ങളിലൂടെ തുടക്കമിട്ട ഈ പ്രസ്ഥാനം പടർന്ന് പന്തലിച്ച് വനിതകൾക്ക് തണലും ആശ്രയവുമേകുന്ന വൻ വൃക്ഷമായി ഇന്ന് മാറി.
കുടുംബശ്രീ വെറുമൊരു കൂട്ടായ്മയോ ആൾക്കൂട്ടമോ അല്ല, ഓരോ സ്ത്രീയുടെയും അഭിമാനവും ചങ്കൂറ്റവുമാണത്. കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന മിഷനായ കുടുംബശ്രീ കൈവെക്കാത്ത മേഖലകളില്ല. ഭക്ഷണം, വസ്ത്രം, പാർപ്പിടം പോലുള്ള അടിസ്ഥാന ആവശ്യങ്ങളിലായിരുന്നു ആദ്യകാല ഊന്നലെങ്കിലും പിന്നീട് പ്രവർത്തനം വിപുലമാക്കി.
വിദ്യാഭ്യാസം, തൊഴിൽ, കുടിവെള്ളം, ഗതാഗതം, സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങി എല്ലാ രംഗത്തും സജീവ സാന്നിധ്യമാണിവർ. ശുചീകരണം മുതൽ ഓഫിസ് നിർവഹണം വരെ ഇപ്പോൾ കുടുംബശ്രീ വനിതകൾ നടത്തുന്നുണ്ട്. സമൂഹത്തിലേക്ക് കുടുംബങ്ങളിലൂടെ എത്തുക, കുടുംബത്തിലേക്ക് സ്ത്രീകളിലൂടെ എത്തുക എന്നതാണ് ഈ സംവിധാനത്തിന്റെ കാഴ്ചപ്പാട്.
മൂന്ന് ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളും 43 ലക്ഷത്തിലേറെ അംഗങ്ങളുമാണ് കുടുംബശ്രീക്ക് സംസ്ഥാനത്തുള്ളത്. ഉപജീവനത്തിനൊപ്പം സ്ത്രീശാക്തീകരണം, സാമ്പത്തിക ശാക്തീകരണം, സാമൂഹികശാക്തീകരണം എന്നീ കാര്യങ്ങളാണ് കൂട്ടായ്മയിലുടെ സാക്ഷാത്കരിക്കപ്പെടുന്നത്. അതാത് പ്രദേശങ്ങളിലെ വീടുകളിൽ ഒരുമിച്ച് കൂടിയുള്ള പ്രതിവാര യോഗങ്ങളിലൂടെ അക്ഷരാർഥത്തിൽ നടക്കുന്നത് സാമൂഹിക ശാക്തീകരണം കൂടിയാണ്.
സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടിയവർക്ക് പുറത്തിറങ്ങാനും മറ്റുള്ളവരുമായി സംവദിക്കാനും സാധിച്ചേതാടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും അവസരങ്ങളെ കുറിച്ച് മനസ്സിലാക്കാനും കഴിഞ്ഞു. അവരവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മെച്ചപ്പെടുത്താനും പൊതുവിഷയങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കാനും കുടുംബശ്രീ പ്രേരണയായി.
എല്ലാ ആഴ്ചയും ചേരുന്ന അയൽകൂട്ട യോഗങ്ങളാണ് കുടുംബശ്രീയുടെ പ്രാഥമിക ശാക്തീകരണ ഘടകം. ഒരോ ആഴ്ചയും നിശ്ചിത തുക എല്ലാവരും നൽകണം. കരുതൽ തുക 5000 കടന്നാൽ കുടുംബശ്രീ യൂനിറ്റിന് ബാങ്കിൽനിന്ന് ഈടില്ലാതെ വായ്പ ലഭിക്കും. എട്ടു ലക്ഷം രൂപവരെ ഇത്തരത്തിൽ വായ്പയെടുത്ത കുടുംബശ്രീകളുണ്ട്. വിവിധ ഉപജീവന പദ്ധതികൾക്കുള്ള അവസരങ്ങൾകൂടി കുടുംബശ്രീ തുറന്നുനൽകുന്നുണ്ട്.
താഴേതട്ട് മുതലുള്ള സുശക്തമായ സംഘടന സംവിധാനമാണ് കുടുംബശ്രീയുടെ കരുത്ത്. ഉപജീവന പദ്ധതികൾ കേന്ദ്രീകരിച്ചാണ് സംരംഭങ്ങൾ തയാറാക്കുന്നത്. അംഗങ്ങളുടെ താൽപര്യം ഇതിൽ പ്രധാനമാണ്. അവസരങ്ങളും സാധ്യതകളും പരിഗണിച്ച് ചില മേഖലകൾക്ക് കുടുംബശ്രീ പ്രോത്സാഹനം നൽകാറുണ്ട്.
ഇത്തരത്തിലാണ് കൺസ്ട്രക്ഷൻ സംഘങ്ങൾ രൂപവത്കരിച്ചത്. തെരുവുനായ്ക്കളെ പിടികൂടുന്നതിലെ സാധ്യതകൾ കണ്ട് ആ വഴിക്ക് പരിശീലനം നൽകി താൽപര്യമുള്ളവെര സജ്ജരാക്കി. മാട്രിമോണി സംരംഭം അംഗങ്ങളിൽനിന്ന് ഉയർന്നുവന്ന ആശയമാണ്. വിവാഹത്തിന്റെ പേരിൽ ചതിക്കപ്പെട്ട അംഗത്തിന്റെ ദുരനുഭവമാണ് ഇതിലേക്ക് വഴിതുറന്നത്.
40 റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ചുമതല കുടുംബശ്രീക്കാണ്. കുഞ്ഞുങ്ങൾക്കുള്ള പൂരക പോഷകാഹാരമായ അമൃതം പൊടി കേരളത്തിൽ മുഴുവൻ വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. കൊച്ചി മെട്രോയുടെ ഫെസിലിറ്റി മാനേജ്മെന്റ് സംവിധാനം, വനിത കെട്ടിട നിർമാണ യൂനിറ്റുകൾ, റെയിൽവേയുമായി ചേർന്ന് ജൻ ആഹാർ, ടിക്കറ്റ് റിസർവേഷൻ, എൽ.ഇ.ഡി ബൾബ് നിർമാണ യൂനിറ്റ് തുടങ്ങി വിവിധ മേഖകളിൽ കുടുംബശ്രീയുടെ കയ്യൊപ്പുണ്ട്.
കോവിഡ് മഹാമാരി കാലത്തെ കമ്യൂണിറ്റി കിച്ചണുകൾ, ജനകീയ ഹോട്ടലുകൾ, മാസ്ക്-സാനിറ്റൈസർ യൂനിറ്റുകൾ എന്നിവ കുടുംശ്രീയുടെ സമൂഹിക ഇടപെടലിന്റെ അടയാളപ്പെടുത്തലുകളായി. ഏതുതരം സർവേ നടത്തണമെങ്കിലും സർക്കാറിന് കുടുംബശ്രീയെ ആശ്രയിക്കാം. ഡേ കെയർ, പ്ലേ സ്കൂളുകൾ, 17 സ്ഥലങ്ങളിൽ ഹോസ്റ്റലുകൾ, ഹരിത കർമസേനകൾ, ആരോഗ്യരംഗത്തെ സ്വാന്തനം തുടങ്ങി 200 ഓളം വൈവിധ്യപൂർണമായ സംരംഭങ്ങളാണ് കുടുംബശ്രീയുടെ കീഴിൽ കേരളത്തിലുള്ളത്.
കുടുംബശ്രീ മാസച്ചന്തകളും ആഴ്ചച്ചന്തകളും സജീവമാണ്. ഹോം ഷോപ്പാണ് മറ്റൊരു വിജയകരമായ രീതി. 50 മുതൽ 70 ലക്ഷം രൂപവരെ മാസം വിറ്റുവരവ് ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
താൻ ഒറ്റക്കല്ല, തന്റെ കൂടെ ഒരു സംഘമുണ്ട് എന്ന ഐക്യബോധം ഓരോ വനിതകളിലും സൃഷ്ടിക്കാനായി എന്നതാണ് കുടുംബശ്രീയുടെ സുപ്രധാന നേട്ടം. വലിയ പ്രസ്ഥാനത്തിന്റെയും സാമൂഹികശൃംഖലയുടെയും ഭാഗമാണെന്ന അഭിമാനവും ആത്മവിശ്വാസവും അംഗങ്ങൾക്കുണ്ട്. സർക്കാറിന്റെ വലിയ പിന്തുണ സംരംഭങ്ങൾക്കെല്ലാമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും റൂറൽ മിഷനുകളുണ്ടെങ്കിലും അവയെ അപേക്ഷിച്ച് സംസ്ഥാന കേരള സർക്കാർ കൂടുതൽ ബജറ്റ് വിഹിതം കുടുംബശ്രീക്ക് നൽകുന്നുണ്ട്.
കേന്ദ്ര സർക്കാറിന്റെ ഏറെ പദ്ധതികൾ കുടുംബശ്രീയിലൂടെയാണ് നടപ്പാക്കുന്നത്. കേന്ദ്രത്തിന്റെ നൈപുണ്യ വികസസ പദ്ധതി ഇതിന് ഉദാഹരണമാണ്. തമിഴ്നാട്ടിൽ സർക്കാർ വകുപ്പാണ് നൈപുണ്യ വികസന പരിശീലന പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലാകട്ടെ കുടുംബശ്രീ വഴിയും.
കാട്ടാക്കട: ആമച്ചലിലെ കടുംബശ്രീ സംരംഭമായ പ്രകൃതി ന്യൂട്രിമിക്സിന് പങ്കുവെക്കാനുള്ളത് അതിജീവനത്തിന്റെ വിജയഗാഥ. കുരുന്നുകള്‍ക്ക് നല്‍കേണ്ട അമൃതം പൂരകപോഷകാഹാരം അതിസൂക്ഷ്മതയോടെ നിർമിച്ച് അംഗന്വാടികളിലെത്തിക്കുകയാണ് ഈ അമ്മമാർ.
ഒരു വ്യാഴവട്ടം മുമ്പ് ആമച്ചലിലെ വാടകക്കെട്ടിടത്തില്‍ തൊഴില്‍രഹിതരായ അഞ്ചുപേർ ചേർന്ന് ആരംഭിച്ച സംരംഭം കഠിനാധ്വാനംകൊണ്ട് വിജയം കൊയ്യുകയായിരുന്നു. ഇന്ന് ഭൂമിയും സ്വന്തം കെട്ടിടവുമടക്കം ജില്ലയിലെതന്നെ അഭിമാന സംരംഭമാണ് ന്യൂട്രിമിക്സ്. പ്രദേശത്തെ നിരവധി തൊഴിലാളികള്‍ക്ക് ഉപജീവനംകൂടിയാണിത്.
അമൃതം പൂരകപോഷകഹാരം തയാറാക്കാൻ ഗോതമ്പ്, പരിപ്പ്, സോയ, കപ്പലണ്ടി, പഞ്ചസാര എന്നിവയാണ് ഉപയോഗിക്കുന്നത്. സാധനങ്ങള്‍ വാങ്ങുന്നതുമുതല്‍ പാക്കറ്റിലാക്കുന്നതുവരെയുള്ള സൂക്ഷ്മതയും ജാഗ്രതയുമാണ് ഉൽപന്നം വിജയപഥത്തിലെത്താൻ കാരണമെന്ന് സെക്രട്ടറി മെറ്റില്‍ഡയും പ്രസിഡന്റ് ബിന്ദുവും പറയുന്നു. 2.50 ലക്ഷം രൂപ ബാങ്ക് വായ്പയും അഞ്ച് അംഗങ്ങളുടെ വിഹിതവും ഉള്‍പ്പെടെ അഞ്ച് ലക്ഷം രൂപ മുതല്മുടക്കിക്കിയായിരുന്നു തുടക്കം.
പ്രകൃതി ന്യൂട്രിമിക്സിന് ഇപ്പോൾ ഏഴ് സെന്റ് ഭൂമിയും അതില്‍ 20 ലക്ഷം രൂപ മുടക്കി നിർമിച്ച കെട്ടിടവുമുണ്ട്. അംഗങ്ങള്‍ മൂന്ന് മാസത്തോളം ശമ്പളം എടുക്കാതെയും ലാഭം സ്വരുക്കൂട്ടിയും വായ്പയെടുത്തുമാണ് 12 ലക്ഷം രൂപയ്ക്ക് ഭൂമി വാങ്ങിയത്. തുടര്‍ന്ന് ബാധ്യതയൊക്കെ തീർത്തശേഷം ബാങ്കില്‍നിന്ന് വായ്പയെടുത്ത് കെട്ടിട നിർമാണത്തിലേക്ക് കടക്കുകയായിരുന്നു.
പോഷകഹാരം തയാറാക്കാനുള്ള ഭക്ഷ്യധാന്യങ്ങള്‍ ജാഗ്രതയോടെ തെരഞ്ഞെടുത്ത് ഇവിടെ എത്തിച്ച് കീടങ്ങളും മറ്റും കയറാതെ സംഭരിച്ചുവെക്കും. തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ പൊടിച്ച് കവറിലാക്കിയശേഷം അംഗന്വാടികളിലെത്തിക്കും.
ആമച്ചല്‍ പ്രകൃതി ന്യൂട്രിമിക്സ് മറ്റ് പദ്ധതിയിലേക്കും ചുവടുവെച്ചു. ഇടിയപ്പം മാവ് വിപണിയിലിറക്കി. പിന്നാലെ ന്യൂഡില്‍സും ബിസ്കറ്റും വിപണിയിലിറക്കാനുള്ള പരിശ്രമം തുടങ്ങി. ഇതിനുവേണ്ട ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി. രണ്ടാംഘട്ട പരിശീലനത്തിനം അടുത്തയാഴ്ച കോഴിക്കോടാണ്. അതും പൂര്‍ത്തിയാകുന്നതോടെ പ്രകൃതി ന്യൂട്രിമിക്സിന്റെ ന്യൂഡില്‍സും ബിസ്കറ്റും യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.