പാലോട്: മതസൗഹാർദ്ദത്തിനു മാതൃകയാകുകയാണ് പാലോടിലെ ഒരു അമ്പലവും മുസ്ലിം പള്ളിയും. പാലോട് മാന്തുരുത്തി മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ കലശപൂജയോട് അനുബന്ധിച്ചു നടക്കുന്ന അന്നദാനത്തിനുള്ള വിഭവങ്ങളുമായി എത്തിയത് സമീപത്തുള്ള മുസ്ലിം ജമാഅത്ത് ഭാരവാഹികളാണ്. താന്നിമൂട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് വിഭവങ്ങളുമായി ക്ഷേത്രത്തിൽ നേരിട്ട് എത്തി കൈമാറിയത്.
മതത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ വിഭാഗിയതകൾ നിലനിൽക്കുന്ന കാലത്ത് മതസൗഹാർദ്ദത്തിന്റെ സന്ദേശങ്ങൾക്ക് വേണ്ടി തങ്ങൾ ശ്രമിക്കുമെന്ന് ഇരു പക്ഷവും പറയുന്നു. അന്നദാനത്തിനുള്ള ധാന്യങ്ങൾ,പച്ചക്കറികൾ,വാഴക്കുല എന്നിവയെല്ലാം ക്ഷേത്രകമ്മിറ്റിക്ക് കൈമാറി. ഒരാഴ്ച മുൻപ് ജമാഅത്ത് പള്ളിയിൽ അമ്പലകമ്മിറ്റി ഇഫ്താർ സംഗമം നടത്തിയിരുന്നു.
ക്ഷേത്രത്തിൽ എത്തിയ ജമാഅത്ത് ഭാരവാഹികൾക്ക് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ബി. വിജയകുമാറും സെക്രട്ടറി അഭിജിത് ശേഖറും ഹൃദ്യമായ സ്വീകരണം ഒരുക്കുകയും ജമാഅത്ത് ഭാരവാഹികൾ കൊണ്ടു വന്ന വിഭവങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഇല്യാസ്‌കുഞ്ഞ് കൊല്ലാകുഴി,സെക്രട്ടറി ഇല്യാസ്‌കുഞ്ഞ് താന്നിമൂട് ,താന്നിമൂട് ഷംസുദ്ദീൻ, മുഹമ്മദ് സലിം,ആലിയാര്കുഞ്ഞ്,എ.ലംബ്രത്,ആർ മുഹമ്മദ്, എ ഷാജഹാൻ എന്നിവരാണ് ക്ഷേത്രത്തിലെത്തിയത്. എല്ലാവരും ഒരുമിച്ചിരുന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാണ് പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.