പാലോട്: നാട്ടിലിറങ്ങി കാട്ടുമൃഗങ്ങൾ ജനത്തെ കൊല്ലാക്കൊല ചെയ്യുന്നത് പതിവായി. ഏറ്റവുമൊടുവില്‍ ബുധനാഴ്ച രാവിലെ മകളെ സ്കൂളിൽ കൊണ്ടുപോയ കെ.എസ്.ഇ.ബി ജീവനക്കാരന് സന്തോഷിനെയാണ് പാലോട്ട് കാട്ടുപന്നി കുത്തി വീഴ്ത്തിയത്. കൂടാതെ തെന്നൂർ നെട്ടയം വിളയിൽ അനിൽകുമാർ, സജു എന്നിവരെ കാട്ടുപന്നി ആക്രമിച്ചിരുന്നു.
ഗുരുതര പരിക്കേറ്റ ഇരുവരും ചികിൽസയിലാണ്. ആറുമാസത്തിനിടെ പാലോട് റെയ്ഞ്ചിൽ മാത്രം 15ലധികം പേരെയാണ് കാട്ടുപന്നി ആക്രമിച്ചത്. കല്ലൻങ്കുടി തച്ചരുകാല ആദിവാസി സെറ്റിൽമെന്റിലെ ശിവാനന്ദനെ കരടി ആക്രമിച്ചതും മണലി സെറ്റിൽമെന്റിലെ അനിലിനെ കാട്ടുപോത്ത് ആക്രമിച്ചതും അടുത്തിടെയാണ്.
കാലൻകാവ്, നാഗര, ഓട്ടുപാലം, പച്ച, വട്ടപ്പൻകാട്, കരിമ്പിൻകാല, സെന്റ് മേരീസ്, ഇടവം, പേരയം, ആനകുളം, ഇടിഞ്ഞാർ തുടങ്ങിയ ഭാഗങ്ങളിൽ പകൽ സമയങ്ങളിൽപോലും പന്നികൾ കൂട്ടത്തോടെ എത്തുന്നതിനാൽ കുട്ടികളും മുതിർന്നവരും ഭയപ്പാടിലാണ്. ഇവിടങ്ങളിൽ പകലും കാട്ടുപന്നിക്കൂട്ടത്തെ കാണാം. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാൻ കാട്ടുപന്നികൾ എത്തുന്നത് പതിവാണ്.
നേരത്തെ കാര്‍ഷിക വിളകള്‍ മാത്രം നശിപ്പിച്ചിരുന്ന വന്യമൃഗങ്ങള്‍ ഇപ്പോള്‍ മനുഷ്യരെയും നേരിടാന്‍ തുടങ്ങി. ഇവയെ തുരത്തുന്നതിനുള്ള മനുഷ്യന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
സോളാര്‍ വേലിയും കിടങ്ങുകളുമായി മുന്നോട്ടുവന്ന അധികൃതരും വിഷമവൃത്തത്തിലാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽ പെടുന്നത്. ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.