മ​ണ്ണെ​ണ്ണ ക്ഷാ​മം കാ​ര​ണം ക​ട​ലി​ലി​റ​ക്കാ​ന്‍ ക​ഴി​യാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ വ​ള്ള​ങ്ങ​ള്‍ ക​ര​ക്ക് ക​യ​റ്റി​വെ​ച്ചി​രി​ക്കു​ന്നു

മണ്ണെണ്ണ വില വർധന; പ്രതിസന്ധിയുടെ കടലിൽ മത്സ്യത്തൊഴിലാളികള്‍

പൂന്തുറ: മണ്ണെണ്ണ വില വര്‍ധന മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. കരിഞ്ചന്തയില്‍ നിന്നുപോലും മണ്ണെണ്ണ കിട്ടാതെവന്നതോടെ മത്സ്യബന്ധനത്തിന് കടലില്‍ വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. ഈ അവസ്ഥ തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീരം പൂര്‍ണമായും വറുതിയുടെ പിടിയിലമരുന്ന സാഹചര്യമാണ്.

മുമ്പ് മണ്ണെണ്ണ പ്രതിസന്ധിഘട്ടത്തില്‍ രഹസ്യമായി ശ്രീലങ്കയില്‍നിന്ന് കടല്‍ മാര്‍ഗം മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ എത്തിയിരുന്നു. ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടതോടെ അതുവഴിയുള്ള വരവും നിലച്ചു. ഇതിനിടെയാണ് കേന്ദ്രം മണ്ണെണ്ണയുടെ വില വർധിപ്പിക്കുകയും കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തത്.

കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ കിട്ടാതെ വരും.നിലവില്‍ സിവില്‍ സപ്ലൈസ് വഴി സബ്സിഡി നിരക്കില്‍ മാസം തോറും ലഭിച്ചിരുന്ന നീല മണ്ണെണ്ണ രണ്ടു മാസമായി കിട്ടാനില്ല. പെര്‍മിറ്റുള്ള വള്ളങ്ങള്‍ക്ക് ശരാശരി 42 രൂപ നിരക്കില്‍ മാസം തോറും നല്‍കിക്കൊണ്ടിരുന്ന 90 ലിറ്റര്‍ വീതം മണ്ണെണ്ണയാണ് രണ്ടുമാസമായി ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഇതിനിടെയാണ് കേന്ദ്രം മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതും വിഹിതം വെട്ടിക്കുറച്ചതും. മത്സ്യഫെഡ് വഴി നല്‍കുന്ന വെള്ള മണ്ണെണ്ണയുടെ വില കൂടിയെങ്കിലും അതും ആവശ്യത്തിന് കിട്ടുന്നില്ല. രാവിലെമുതല്‍ മത്സ്യഫെഡ് പമ്പുകള്‍ക്ക് മുമ്പില്‍ കാത്തുനിന്നാല്‍ വൈകുന്നേരമായാലും മണ്ണെണ്ണ പേരിനെങ്കിലും കിട്ടുമെന്ന് ഉറപ്പില്ല.

102.46 പൈസ നിരക്കില്‍ 9.9 കുതിരശക്തിയുള്ള എൻജിന്‍ പെര്‍മിറ്റിന് 140 ലിറ്ററും 25 ശക്തിയുള്ള എൻജിന് 190 ലിറ്ററും വെള്ളമണ്ണെണയാണ് മത്സ്യഫെഡ് വഴി കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ വില 124 ആക്കിയിട്ടും മണ്ണെണ്ണ കിട്ടാനില്ല. വില വര്‍ധന വരുന്നതോടെ ഇതിന്‍റെ വില കുത്തനെ ഉയരും. ഉയര്‍ന്ന വില നല്‍കി മണ്ണെണ്ണ വാങ്ങി കടലില്‍ പോയാല്‍ അതിനുള്ള വരുമാനം കിട്ടില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കേരളത്തില്‍ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങള്‍ക്ക് കേന്ദ്രം നേരത്തേതന്നെ പ്രത്യേകം മണ്ണെണ്ണ നല്‍കുന്നില്ല. കേരളത്തിന് ലഭിക്കുന്ന മണ്ണെണ്ണയില്‍നിന്ന് ഒരു വിഹിതം സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നീക്കിവെച്ചാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.

പൊഴിയൂര്‍മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള ജില്ലയുടെ തീരദേശത്ത് 10,000ലധികം ഔട്ട് ബോഡ് എൻജിനുകളാണ് മണ്ണെണ്ണ പെര്‍മിറ്റുകള്‍ക്കായി രജിസ്ട്രേഷന്‍ എടുത്തിരിക്കുന്നത്. പെര്‍മിറ്റുകള്‍ ഇല്ലാതെ കടലില്‍ പോകുന്ന വള്ളങ്ങളും നിരവധിയാണ്. മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമാനചിന്തഗതിയുള്ള എല്ലാ സംഘടനകളെയും കോര്‍ത്തിണക്കി സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പൂന്തുറ ജെയ്സണ്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Kerosene price hike; Fishermen in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.