പൂന്തുറ: തീരമേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. നഗരസഭ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയെടുക്കാന്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുമ്പ് വലിയതുറക്ക് സമീപം സ്ത്രീയെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പുന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിലെ നഴ്സറി വിദ്യാർഥിനിയെ ക്ലാസ് മുറിയില്‍വെച്ച് നായ കടിച്ചതും സമീപകാലത്താണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും നഗരസഭ അധികൃതര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്.
മറ്റു സ്ഥലങ്ങളില്‍നിന്ന് പിടികൂടുന്ന തെരുവ് നായ്ക്കളെ തീരത്ത് ഉപേക്ഷിക്കുന്നതാണ് ശല്യം രൂക്ഷമാകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മുമ്പ് വന്ധ്യംകരണം നടത്തിയ നായ്ക്കളെ കൂട്ടത്തോടെ തീരത്ത് കൊണ്ടുവന്ന് വിട്ടിരുന്നു. തീരപ്രദേശത്തെ മാലിന്യനീക്കം നിലച്ചതും തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നതിന് കാരണമായി. ഹൈവേയുടെ ഇരുവശങ്ങളിലും ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിവാണ്. ഈ ഭാഗങ്ങളിൽ നായ്ക്കള്‍ കടികൂടുന്നതുകാരണം ഇരുചക്രവാനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
നായ്ക്കളുടെ വന്ധ്യംകരണ കൃത്യമായി നടക്കുന്നെന്നാണ് കോര്പറേഷന് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, പേട്ടയിലെ മൃഗാശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.
തിരുവല്ലത്തെ ആശുപത്രിയില്‍ ദിവസേന അഞ്ച് നായ്ക്കളെ വന്ധ്യംകരിക്കുന്നതായി നഗരസഭ പറയുന്നു. എന്നാല്‍, തീരദേശത്ത് ഒരിടത്തുനിന്നും നായ്ക്കളെ പിടിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.