പൂന്തുറ: സിവില്‍ സപ്ലൈസ് വഴി മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കില്‍ മാസം തോറും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന നീലമണ്ണെണ്ണയുടെ വിതരണം താളം തെറ്റി. മത്സ‍്യഫെഡിൽനിന്ന് ആവശ‍്യത്തിനുള്ള മണ്ണെണ്ണ കിട്ടാതെവന്നതോടെ മത്സ‍്യത്തൊഴിലാളികൾ പമ്പിന് മുന്നിൽ ബുധനാഴ്ച പ്രതിഷേധിച്ചു.
ഒരുമാസമായി സിവില്‍ സപ്ലൈസ് പമ്പുകളില്‍നിന്ന് മണ്ണെണ്ണ കിട്ടുന്നില്ല. ഇത് കാരണം കരിഞ്ചന്തയില്‍നിന്നും മൂന്നിരട്ടിയിലധികം വില നല്‍കി മണ്ണെണ്ണ വാങ്ങി കടലില്‍ പോകേണ്ടി വരുന്ന അവസ്ഥയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. കൂടിയ വില നല്‍കി മണ്ണെണ്ണ വാങ്ങി കടലില്‍ പോയാല്‍ അതിനുസരിച്ച് മത്സ്യം കിട്ടാതെ വരുന്നത് മത്സ്യത്തൊഴിലാളികളെ കൂടുതല്‍ കടക്കെണിയിലാക്കുന്നു. പെര്‍മിറ്റുള്ള വള്ളങ്ങള്‍ക്ക് ശരാശരി 50 രൂപ നിരക്കില്‍ മാസം തോറും നല്‍കിക്കൊണ്ടിരുന്ന 90 ലിറ്റര്‍ വീതം മണ്ണെണ്ണയാണ് ഒരുമാസമായി ലഭിക്കാതെ വന്നിരിക്കുന്നത്. ഇതിനിടെ മത്സ്യഫെഡ് വഴി നല്‍കുന്ന വെള്ള മണ്ണെണ്ണയിലും വ്യാപകമായി വെട്ടിപ്പ് നടത്തുന്നതായി മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.
മത്സ്യഫെഡ് വഴി മാസം തോറും 102.46 പൈസ നിരക്കില്‍ 9.9 കുതിരശക്തിയുള്ള എൻജിന്‍ പെര്‍മിറ്റിന് 140 ലിറ്ററും 25 ശക്തിയുള്ള എൻജിന് 190 ലിറ്റര്‍ മണ്ണെണ്ണയാണ് നല്‍കേണ്ടത്. എന്നാല്‍, ഇതുപോലും കൃത്യമായ അളവില്‍ നല്‍കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പൊഴിയൂർ മുതൽ വേളി വരെയുള്ള മത്സ‍്യത്തൊഴിലാളികൾ വിഴിഞ്ഞത്തെ മത്സ‍്യഫെഡിന്‍റെ പമ്പിൽനിന്ന് മണ്ണെണ്ണ വാങ്ങാൻ പെർമിറ്റുള്ളവർ വാഹനങ്ങൾ പിടിച്ച് എത്തിയെങ്കിലും പെർമിറ്റിനുള്ള മണ്ണെണ്ണ പലർക്കും കിട്ടാതെവന്നു.
ലഭ‍്യതക്കുറവ് മൂലമാണ് മണ്ണെണ്ണ നൽകാൻ കഴിയാത്തതെന്നാണ് മത്സ‍്യഫെഡ് അധികൃതരുടെ വിശദീകരണം. മത്സ്യഫെഡില്‍നിന്ന് വാങ്ങുന്ന മണ്ണെണ്ണക്ക് പിന്നീട് 25 രൂപ ബാങ്ക് വഴി സബ്സിഡി ലഭിക്കും. എന്നാല്‍, അതും കൃത്യമായി ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
നേരത്തേ ലിറ്ററിന് 40 രൂപയായിരുന്ന സമയത്താണ് 25 രൂപ സബ്സിഡി പ്രഖ്യാപിച്ചത്. എന്നാല്‍, മണ്ണണ്ണയുടെ വില 100ന് മുകളില്‍ കടന്നിട്ടും സബ്സിഡി നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ ലഭിക്കുന്ന സിവിൽ സപ്ലൈസില്‍നിന്നും മത്സ്യഫെഡില്‍നിന്നും ലഭിക്കുന്ന മണ്ണെണ്ണ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഉപയോഗത്തിനുപോലും തികയാത്ത അവസ്ഥയിലാണ്. തമിഴ്നാട് സര്‍ക്കാര്‍ മത്സ്യബന്ധനയാനങ്ങള്‍ക്ക് 20 രൂപ സബ്സിഡിക്ക് ആവശ്യത്തിനുള്ള മണ്ണെണ്ണ നല്‍കുന്നുണ്ടെങ്കിലും കേരളത്തില്‍ ഇതില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.