തിരകൾ അറിയുമോ, തീരം നഷ്​ടമായവരുടെ വേദന

പൂന്തുറ: തീരങ്ങള്‍ കടലെടുത്തതിനെതുടർന്ന്​ അതിജീവനത്തിനായി മത്സ്യത്തൊഴിലാളികള്‍ പെടാപ്പാടുപെടുന്ന സാഹചര്യത്തിലും തീരങ്ങള്‍ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ജലരേഖ. ശക്തമായ കടലാക്രമണത്തില്‍ കടല്‍ത്തീരങ്ങള്‍ കടല്‍ കവര്‍ന്നതോടെ മത്സ്യബന്ധനത്തിന് തീരത്തുനിന്ന്​ കടലില്‍ വള്ളമിറക്കാനോ പരമ്പരാഗതരീതിയില്‍ വല വലിക്കാനോ കഴിയാത്ത അവസ്ഥയില്‍ അതിജീവനത്തിനായി മത്സ്യത്തൊഴിലാളികള്‍ പെടാപ്പാടുപെടുന്ന അവസ്ഥയാണ്.

പൂന്തുറയില്‍ തീരം നഷ്​ടമായതോടെ വിഴിഞ്ഞം തീരത്തെയാണ് പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്നത് ഇവിടേക്ക് വള്ളമെത്തിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പാടുപെടുന്ന അവസ്ഥയാണ്. വള്ളങ്ങള്‍ നേരിട്ട് ചുമന്ന് വാഹനങ്ങളില്‍ കയറ്റാന്‍ പറ്റാത്തതു കാരണം വള്ളങ്ങള്‍ പാര്‍വതി പുത്തനാറിലേക്ക് ഇറക്കി പുത്തനാര്‍ വഴി ഇടയാര്‍ ഭാഗത്ത് എത്തിച്ചശേഷം ഏറെ പണിപ്പെട്ട് കരയിലേക്ക് വലിച്ചുകയറ്റി റോഡില്‍െവച്ചശേഷമാണ് വാഹനത്തില്‍ കയറ്റുന്നത്​.

ഇരുപത്തിയഞ്ചിലധികം ആളുകള്‍ ചേര്‍ന്നാല്‍ മാത്രമേ വള്ളം എടുത്ത് ഉയര്‍ത്താന്‍പോലും സാധിക്കുന്നുള്ളൂ. വലിയതുറയിലും മത്സ്യത്തൊഴിലാളികള്‍ തീരമില്ലാത്ത കാരണം വള്ളമിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുമ്പ് തീരങ്ങള്‍ കടലെടുക്കുമ്പോള്‍ വലിയതുറ പാലത്തിന് മുകളില്‍നിന്ന്​ വള്ളങ്ങള്‍ കടലിലേക്ക് തള്ളിയിട്ടശേഷം കടലിലേക്ക് എടുത്തുചാടിയാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോയിരുന്നത്.

എന്നാല്‍, പാലം അപകടാവസ്ഥയിലായതോടെ പാലത്തില്‍ കയറാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഒാരോ തവണ ഉണ്ടാകുന്ന കടലാക്രമണങ്ങളും കൂടുതലായി തീരദേശത്തി​െൻറ താളം തകര്‍ക്കുന്നതി​െൻറ പ്രധാന കാരണങ്ങള്‍ വിഴിഞ്ഞത്ത് തുറമുഖ നിർമാണത്തിനായി കടലില്‍ നടത്തുന്ന ട്രഡ്​ജിങ്ങും അശാസ്ത്രീയമായതരത്തില്‍ സ്ഥാപിച്ചുള്ള പുലിമുട്ടുകളുമാണ്.

വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തീരങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാതെവരുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങള്‍തന്നെ ദുരിതപൂര്‍ണമാക്കുന്നു.

കടല്‍ത്തീരങ്ങള്‍ സംരക്ഷിക്കാന്‍ ഭുവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിക്കുകയും ചെന്നൈ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയുടെ സാ​േങ്കതിക സഹായത്തോടെയാണ് കടല്‍വിവരങ്ങള്‍ ഉള്‍പ്പെടുത്തി ​െഡസ്ക് ടോപ്പ് അനാലിസിസ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്​തെങ്കിലും തുടര്‍നടപടിയായ മാത്തമാറ്റിക്കല്‍ പഠനം ഫയലിലൊതുങ്ങി. 

Tags:    
News Summary - the pain of those who lost their shores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.