നേമം: വർഷങ്ങളായി തങ്ങൾ സഞ്ചരിച്ചിരുന്ന പൊതു നടപ്പാത നഷ്ടമായ വ്യാകുലതയിലാണ് കുറേ മനുഷ്യർ. ഒന്നേകാൽ മീറ്റർ വീതിയുള്ള നടപ്പാത പ്രദേശവാസികളിൽ ചിലർ സംഘം ചേർന്ന് കൈക്കലാക്കിയപ്പോൾ തുടങ്ങിയതാണ് ഇവരുടെ ദുരിതപർവം. ചെറുകോട് റോഡിൽ നിന്ന് കുറക്കോട് വഴി കടന്നുപോകുന്ന 250 മീറ്റർ ദൈർഘ്യമുള്ള നടപ്പാതക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1.25 മീറ്റർ വീതിയുള്ള വഴിക്ക് വശത്തായി ഒരു കൈത്തോടും ഉണ്ടായിരുന്നു. വഴിക്ക് വശങ്ങളിൽ താമസിക്കുന്ന അഞ്ചോളം കുടുംബങ്ങളും വനവാസികൾ ഉൾപ്പടെയുള്ള പ്രദേശത്തെ വസ്തു ഉടമകളും തലമുറകളായി സഞ്ചരിച്ചിരുന്നത് ഇതുവഴിയാണ്. 2014ൽ ചെറുകോട് റോഡിന് അഭിമുഖമായി താമസിക്കുന്ന ചിലർ പൊതുവഴി തങ്ങളുടെ വസ്തുവിെൻറ ഭാഗമാക്കി മതിൽ കെട്ടിയടച്ചു. കൈത്തോട് മണ്ണിട്ടുമൂടി. അധികാരികൾ മൗനം ഭജിച്ചു. കുറക്കോട് നിവാസികൾ റവന്യൂ മന്ത്രി, കലക്ടർ, ആർ.ഡി.ഒ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാൻ എന്നിവിടങ്ങളിലൊക്കെ പരാതി നൽകി.
2014ൽ ആർ.ഡി.ഒയും 2016ൽ ഓംബുഡ്സ്മാനും ഇവർക്ക് നടപ്പാത വീണ്ടെടുത്ത് നൽകാൻ വിളപ്പിൽ വില്ലേജ്, പഞ്ചായത്ത് അധികൃതരോട് ഉത്തരവിട്ടു. സ്ഥലം പരിശോധിച്ച ഇവർ വർഷങ്ങളായുള്ള നടപ്പാതയും തോടും ചിലർ കൈയേറിയതായി കണ്ടെത്തി. പക്ഷേ വർഷങ്ങൾക്കിപ്പുറവും പാത വീണ്ടെടുക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ല.
ചെറിയൊരു മഴപെയ്താൽ ഇവരുടെ വീട് വെള്ളത്തിലാകും. അത് പോരാത്തതിനാണ് വീതിയില്ലാത്ത റോഡിലൂടെയുള്ള യാത്രയും. പൊതു നടപ്പാതയിലൂടെ ദുരിതപൂർണമായ സഞ്ചാരത്തിന് ഇനി തങ്ങൾ ഇല്ലെന്നും നടപ്പാത വീണ്ടെടുത്തുതന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ ഒരേ സ്വരത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.