തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നൽകിയിരുന്ന ക്ഷേമ പദ്ധതികളിൽ നടന്നത് കോടികളുടെ ക്രമക്കേടെന്ന് വകുപ്പുതല ഓഡിറ്റ് റിപ്പോർട്ട്. പട്ടികജാതി വകുപ്പ് സീനിയർ സൂപ്രണ്ട് ജി. ബാഹുലേയെൻറ നേതൃത്വത്തിൽ നടന്ന ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 76,47,693 ലക്ഷം രൂപയുടെ തട്ടിപ്പായിരുന്നു പൊലീസിെൻറ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, വകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ വിവിധ പദ്ധതികളിലായി രണ്ടരക്കോടിക്ക് മുകളിലാണ് ക്രമക്കേട് കണക്കാക്കിയിരിക്കുന്നത്. പരിശോധനവേളയിൽ പല ഫയലുകളും ഓഡിറ്റ് ടീമിെൻറ മുന്നിലെത്താത്തതിനാൽ കൃത്യമായ തുക തിട്ടപ്പെടുത്താനായിട്ടില്ല.
ഫണ്ട് തട്ടിപ്പിൽ സീനിയർ ക്ലർക്ക് എ.യു. രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മേൽനോട്ട പിഴവിൽ രണ്ട് പട്ടികജാതി വികസന ഓഫിസർമാരെ സസ്പെൻഡ് ചെയ്യുകയും തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ എസ്.സി പ്രമോട്ടർമാരായ വട്ടിയൂർക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്.ബി. വിശാഖ് സുധാകരൻ, ഈഞ്ചക്കൽ സ്വദേശി സംഗീത എന്നിവരെ പിരിച്ചുവിടുകയും ചെയ്തു.
നിർധനർക്ക് സർക്കാർ നൽകുന്ന ധനസഹായമാണ് ഉദ്യോഗസ്ഥരും താൽക്കാലിക ജീവനക്കാരും ചേർന്ന് തട്ടിയെടുത്തത്. കോർപറേഷൻ വഴിയാണ് വിവിധ ധനസഹായങ്ങള്‍ വിതരണം ചെയ്തിരുന്നത്. വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിർമാണം, ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവക്കാണ് അപേക്ഷകർക്ക് പണം നൽകിയിരുന്നത്. അപേക്ഷരുടെ പേരുണ്ടെങ്കിലും അക്കൗണ്ട് നമ്പറുകളെല്ലാം രാഹുലിെൻറയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലായിരുന്നു. ഇങ്ങനെ വിവിധ പദ്ധതികള്‍ വഴി അർഹരുടെ കൈകളിലേക്കെത്തേണ്ട 10,472,500 രൂപ പ്രതികള്‍ വകമാറ്റിയതായി ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. 24 അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഓഡിറ്റിെൻറ ഒരുഭാഗം ബി.ജെ.പി കൗൺസിലർ കരമന അജിത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേടാണ് അജിത്ത് ആരോപിച്ചിരിക്കുന്നത്.
അർഹരുടെ അക്കൗണ്ടിലേക്കാണെങ്കിൽ ഒരു പ്രാവശ്യം മാത്രമേ പണം കൈമാറുകയുള്ളൂ. എന്നാൽ, നിരവധി തവണ പണം കൈമാറ്റം ചെയ്തിട്ടുള്ള 24 അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയിൽപരം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 180 അപേക്ഷകരുടെ പണം തട്ടിയെടുത്തെന്നാണ് വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
2017 മുതൽ 2021 വരെ കോർപറേഷൻ പട്ടികജാതി വികസന ഓഫിസിലെ കാഷ് ബുക്ക് ചട്ടങ്ങൾ പാലിക്കാതെയും ക്രമവിരുദ്ധവുമായാണ് കൈകാര്യം ചെയ്തിരുന്നത്. ഗുണഭോക്താവ് അപേക്ഷയോടൊപ്പം നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലെ നമ്പർ പരിഗണിക്കാതെ മറ്റ് അക്കൗണ്ടുകളിലേക്ക് അനൂകൂല്യം മാറിയതായി കണ്ടെത്തിയ സാഹചര്യത്തിൽ മാറിനൽകിയ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 1,55,000 രൂപയുടെ ധനസഹായ വിതരണ രജിസ്റ്ററിൽ ഏഴ് ഗുണഭോക്താക്കളുടെ ഒപ്പുകളിലും ഓഫിസറുടെ സാക്ഷ്യപ്പെടുത്തലുകളിലും പൊരുത്തേക്കടുകൾ കണ്ടെത്തിയതോടെ ഇവ പരിശോധിച്ച് ഉറപ്പാക്കണമെന്നും ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.