തിരുവനന്തപുരം: തലസ്ഥാന നഗരവാസികളെ അഞ്ചുദിവസമായി ‘വെള്ളംകുടിപ്പിച്ച’ പൈപ്പ് പണി ഒടുവിൽ പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ടോടെ പൂർണതോതിൽ ജലവിതരണം ജലഅതോറിറ്റി പുനസ്ഥാപിച്ചു. എങ്കിലും നഗരത്തിലെ ഉയർന്ന ഭാഗങ്ങളിലും കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കുകളിലും വെള്ളമെത്താൻ സമയമെടുക്കും. വെള്ളിയാഴ്ച പൈപ്പ് മാറ്റൽ പണി പൂർത്തിയാക്കി പമ്പിങ് തുടങ്ങുമെന്നാണ് ആദ്യം അറിയിപ്പ് നൽകിയത്. എന്നാൽ വീണ്ടും മൂന്ന് ദിവസം കഴിഞ്ഞാണ് പൂർണതോതിൽ പമ്പിങ് ആരംഭിച്ചത്.
ചൊവ്വാഴ്ച രാവിലെയോടെ വെള്ളം മുടങ്ങിയ 44 വാർഡുകളിലും പൂർണതോതിൽ വെള്ളം കിട്ടിത്തുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു. റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കിള്ളിപ്പാലത്തിന് സമീപം സി.ഐ.ടി റോഡിലും കരമന ശാസ്ത്രി നഗറിലും ആണ് പൈപ്പിന്റെ അലൈൻമെന്റ് മാറ്റാനുള്ള പ്രവൃത്തികൾ നടത്തിയത്. ഇതിനായി 5, 6 തീയതികളിൽ ജല വിതരണം മുടങ്ങുമെന്നായിരുന്നു അറിയിപ്പ്. ശാസ്ത്രി നഗറിലെ നിർമാണ പ്രവർത്തികൾ പറഞ്ഞ സമയത്ത് പൂർത്തിയാക്കിയെങ്കിലും സി.ഐ.ടി റോഡിലെ പ്രവൃത്തികൾ നീണ്ടു. ഇതോടെ ഒരിറ്റു വെള്ളത്തിനായി ജനം നെട്ടോട്ടത്തിലായി.
പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന ജോലികൾ അഞ്ചിനാണ് ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ പൈപ്പ് മാറ്റൽ ജോലികൾ പൂർത്തിയാക്കി. അഞ്ച് ദിവസം വെള്ളം കിട്ടാത്തതിനെ തുടർന്നുള്ള ജനങ്ങളുടെ രോഷം തണുപ്പിക്കാൻ പൈപ്പുകൾ കൂട്ടി യോജിപ്പിച്ച സ്ഥലത്ത് കോൺക്രീറ്റ് സീലിങ് ഉറയ്ക്കുന്നതിന് മുൻപാണ് പമ്പിങ് നടത്തിയത്. എന്നിട്ടും നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും തുരുത്തുംമൂല, കൊടുങ്ങാനൂർ ഉൾപ്പെടെ സ്ഥലങ്ങളിലും തിങ്കളാഴ്ച വൈകീട്ടും വെള്ളം കിട്ടിത്തുടങ്ങിയില്ലെന്ന് പരാതി ഉയർന്നു.
തിരുവനന്തപുരം: നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ചത് അടച്ചാൽ തുറക്കാനോ തുറന്നാൽ അടക്കാനോ കഴിയാത്ത വാൽവ്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണി നടത്താനോ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് പരിശോധിക്കാനോ ജലഅതോറിറ്റി വരുത്തിയ വീഴ്ചയാണ് ദുരിതം ഇത്രയും സങ്കീർണമാക്കിയത്.
ഐരാണിമുട്ടത്തേക്ക് ജലവിതരണം നടത്തുന്ന പൈപ്പ് ലൈനിൽ പി.ടി.പി നഗർ പമ്പ് ഹൗസിന് മുന്നിലായാണ് ഈ വാൽവ്. ഇത് അടച്ച് ജല വിതരണം ക്രമീകരിച്ചിരുന്നെങ്കിൽ അഞ്ചുദിവസം നഗരത്തിന്റെ വെള്ളംകുടി മുട്ടിച്ച അസാധാരണ അവസ്ഥ ഒഴിവാക്കാമായിരുന്നു. എന്നാൽ സംഭവിച്ചത് ഇതാണ്. ഈ വാൽവ് അടച്ചാൽ തുറക്കാനോ തുറന്നാൽ അടക്കാനോ കഴിയാത്തതിൽ സ്ഥിതി. ജലഅതോറിറ്റിയുടെ മിക്ക വാൽവുകളുടെയും സ്ഥിതി ഇതുതന്നെ. ഇത് പൂർണതോതിൽ തുറക്കാനോ പൂർണതോതിൽ അടക്കാനോ പറ്റില്ല. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച വാൽവുകൾ കൃത്യമായ മേൽനോട്ടമില്ലാത്തതിനാൽ തുറക്കാനോ അടക്കാനോ കഴിയാത്ത അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പൈപ്പ് അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന സാഹചര്യങ്ങളിൽ പമ്പിങ് തന്നെ നിർത്തി വെക്കേണ്ടി വരുന്നത് ഇതുകൊണ്ടാണെന്നും പറയപ്പെടുന്നു. അതിനാലാണ് അരുവിക്കര പ്ലാന്റിന്റെ പ്രവർത്തനം തന്നെ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഈ തീരുമാനം 44 വാർഡുകളിലെ ഏതാണ്ട് അഞ്ച് ലക്ഷത്തോളംവരുന്ന ജനങ്ങളെ ശരിക്കും ബാധിച്ചു. പൈപ്പ് പണിയുടെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട അത്യപൂർവ സാഹചര്യം വരെ സംഭവിച്ചു. പി.ടി.പി നഗറിലെ വാൽവ് പ്രവർത്തനക്ഷമമായിരുന്നെങ്കിൽ ഈ വാൽവ് അടച്ചാൽ വെള്ളം ഐരാണിമുട്ടം ടാങ്കിലേക്ക് പോകില്ല. പകരം പി.ടി.പി നഗറിലെ ടാങ്കിൽ ശേഖരിക്കുക വഴി മറ്റു സ്ഥലങ്ങളിലേക്ക് ജല വിതരണം നടത്താൻ കഴിയുമായിരുന്നു.
രണ്ടാഴ്ച മുമ്പ് ചാർജെടുത്ത ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർക്ക് വാൽവുകൾ എവിടെയൊക്കെ സ്ഥാപിച്ചിട്ടുണ്ടെന്നു പോലും അറിയാത്തതും സ്ഥിതി വഷളാക്കി. ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് എന്നൊരു സംവിധാനം ജലഅതോറിറ്റിയിൽ ഉണ്ടായിരുന്നു. ഇവർ യോഗം ചേർന്നാണ് അറ്റകുറ്റപ്പണിയുടെ പ്ലാനിങ് നടത്തുന്നത്. ആ യോജിച്ച പ്രവർത്തനം ഇപ്പോൾ ഇല്ല. വകുപ്പുകളുടെ ഏകോപനവും മിക്കപ്പോഴും ഉണ്ടാകാത്ത അവസ്ഥയും പ്രതിസന്ധിയാണ്.
തിരുവനന്തപുരം: കുടിവെള്ളത്തിന് ജല അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന നഗരവാസികൾ കഴിഞ്ഞ അഞ്ചുനാൾ അനുഭവിച്ചത് സമാനകളില്ലാത്ത ദുരിതം. തിരുവനന്തപുരം- നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയ്നിന്റെ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെ വെള്ളം മുടങ്ങുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. അറിയിപ്പിൽ പറഞ്ഞ സമയപരിധിക്കുള്ളിൽ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്ന നഗരവാസികളെ നിരാശപ്പെടുത്തുന്നതായിരുന്നു തുടർന്നുണ്ടായ സംഭവവികാസങ്ങൾ.
പണി തീരാൻ വൈകുമെന്നും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നും അറിയിപ്പുകൾ വന്നു. ഞായറാഴ്ച പുലർച്ചയോടെ ജലവിതരണം സാധാരണ നിലയിലാവുമെന്നായിരുന്നു ശനിയാഴ്ച വൈകിട്ട് അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ ഇതും പാലിക്കാനായില്ല. പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്, വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി.ടി.പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല, ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം വാർഡുകളിലാണ് ജലവിതരണം ജനജീവിതം ഏറെ ദുസ്സഹമാക്കിയത്. വീടുകളിൽ ആഹാരം പാകം ചെയ്യാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും കഴിയാതെ ജനം വലഞ്ഞു.
വെള്ളി, ശനി ദിവസങ്ങളിൽ സെക്രട്ടേറിയറ്റ്, വിവിധ സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, കാന്റീനുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ പ്രവർത്തനം അവതാളത്തിലായി. ഞായറാഴ്ച ഓഫിസുകളും സ്ഥാനങ്ങളും അവധിയായിരുന്നതിനാൽ ജലക്ഷാമത്തിന്റെ കെടുതി നേരിടേണ്ടിവന്നില്ല. അതേസമയം ഞായറാഴ്ച രാത്രിയോടെ ശരിയാകും എന്ന് കരുതിയിരുന്ന ഗാർഹിക ഉപഭോക്താക്കളടക്കം നിരാശരായി.
പൈപ്പിൽ വെള്ളമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർ പുലർച്ചെയോടെ പാത്രങ്ങളുമെടുത്ത് വെള്ളത്തിനായി അലയേണ്ട സാഹര്യമുണ്ടായി. ഞായറാഴ്ച പുലർച്ചയോടെ പമ്പിങ് തുടങ്ങിയെങ്കിലും തിങ്കളാഴ്ച ഉച്ച എത്തിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിയത്. പ്രതിസന്ധി മുന്നിൽകണ്ട് തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നഗരത്തിൽ അവധി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.