കഴക്കൂട്ടം: തലസ്ഥാനജില്ലയുടെ അഭിമാനമായി കഴക്കൂട്ടത്തെ ആകാശപാത നാളെ ഗതാഗതത്തിന് തുറക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണിത്. കഴക്കൂട്ടത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ആകാശപാത പരിഹാരമാവും. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഏറെ സമയലാഭവുമുണ്ടാവും. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് എലിവേറ്റഡ് ഹൈവേ വാഹന ഗതാഗതത്തിന് തുറക്കുക.
ടെക്നോപാർക്കടക്കം വിവിധ സ്ഥാപനങ്ങളുള്ള കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ദേശീയപാത അതോറിറ്റി എലിവേറ്റഡ് ഹൈവേ എന്ന ആശയം അവതരിപ്പിച്ചത്. മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകളടക്കം ഗതാഗതക്കുരുക്കിൽപ്പെടുന്നത് പതിവാണ്. 2.721 കിലോമീറ്റർ നീളത്തിലുള്ള നാലുവരി എലിവേറ്റഡ് ഹൈവേ നിർമാണത്തിന് 195.5 കോടിയാണ് ചെലവ്.
രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2018 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. ആർ.ഡി.എസും ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയും സംയുക്തമായാണ് നിർമാണം നടത്തിയത്. ഉദ്ഘാടനത്തിന് മുമ്പുള്ള അവസാനഘട്ട നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിലും സർവിസ് റോഡിലുമായി 266 തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 7.5 മീറ്ററിൽ ഇരുഭാഗത്തും സർവിസ് റോഡ് കൂടാതെ 7.75 മീറ്റർ വീതിയിലുള്ള റോഡും പാലത്തിനടിയിലുണ്ടാകും. എലിവേറ്റഡ് ഹൈവേ കേരളപ്പിറവി ദിനത്തിൽ നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നേരേത്ത പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തിയാകാത്തതിനാൽ നവംബർ 15ന് തുറക്കുമെന്ന് പിന്നീട് മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പദ്ധതി സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.