പൂവാർ: നിയന്ത്രണംതെറ്റിയ മത്സ്യബന്ധന ട്രോളർ ബോട്ട് പൂവാർ പൊഴിക്കരയിൽ കരയിലേക്ക് ഇടിച്ചുകയറി ബോട്ടിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്നാട് രാമേശ്വരം സ്വദേശികളായ അരുൾ, ഫെനി, ഒരു പശ്ചിമ ബംഗാൾ സ്വദേശി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്രതീക്ഷിതമായി കൂറ്റൻ ബോട്ട് കരയിൽ ഇടിച്ചു കയറിയത് പ്രദേശവാസികളെയും ഏറെനേരം പരിഭ്രാന്തിയിലാക്കി. ശക്തികുളങ്ങര തായ് തോപ്പിൽ ഇഗ്നേഷ്യസ് ലെയോള എന്നയാളുടെ ഉടമസ്ഥയിലുള്ള മറിയം എന്ന ബോട്ടാണ് വെള്ളിയാഴ്ച അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ എല്ലാവരും ഉറങ്ങിയതാണ് ബോട്ട് ദിശമാറി കരയിലിടിച്ച് കയറാൻ കാരണമെന്ന് പൂവാർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ പ്രിൻസി ജോസഫ് പറഞ്ഞു.
ദിശമാറിയെത്തിയ ബോട്ട് മറ്റു മത്സ്യബന്ധന വള്ളങ്ങളുമായി കൂട്ടിമുട്ടാത്തതും വലിയ ശബ്ദത്തോടെ തീരത്തേക്ക് പാഞ്ഞുകയറിയ ബോട്ട് ശക്തമായ തിരയടിയിൽ മറിയാതിരുന്നതും കാരണം വൻ അപകടം ഒഴിവാക്കി. കൊല്ലം ശക്തികുളങ്ങരയിൽനിന്നു തമിഴ്നാട് രാമേശ്വരം സ്വദേശികളായ ഫെനി, ഡേവിസ്, അരുൾ, മടുകി പച്ചൈ, സെന്തൂരൻ, പശ്ചിമബംഗാൽ സ്വദേശികളായ ശങ്കർ ദാസ്, നിർമൽ ദാസ്, പ്രദീപ് ദാസ്, റോയ് മോഹൻ ദാസ് ഉൾപ്പെടെ 10 പേരടങ്ങുന്ന സംഘവുമായാണ് ബോട്ട് മത്സ്യബന്ധനത്തിനായി തിരിച്ചത്. ഡ്രൈവറുടെ പരിചയ - കുറവാണ് ബോട്ട് ദിശമാറി സഞ്ചരിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
5000 ലിറ്റർ ഡീസൽ, മീൻ കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസ് അടക്കം അവശ്യസാധനങ്ങളും ബോട്ടിലുണ്ടായിരുന്നു. കരയിൽ ഉറച്ച ബോട്ട് ഉച്ചയോടെ കെട്ടിവലിച്ച് കടലിൽ ഇറക്കാൻ വിഴിഞ്ഞത്തുനിന്നെത്തിയ അദാനി ടഗ്ഗും കൊല്ലത്തുനിന്നെത്തിയ രണ്ട് സ്വകാര്യ ബോട്ടുകളും ശ്രമം നടത്തിയെങ്കിലും വടം പൊട്ടിയതോടെ ദൗത്യം ഉപേക്ഷിച്ച് സംഘം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.