വിഴിഞ്ഞം: കോവളം കാരോട് ബൈപാസിലെ സർവിസ് റോഡിൽ വലിയ കുഴി രൂപപ്പെട്ടു. അതിഥി തൊഴിലാളികളുടെ അവസരോചിതമായ ഇടപെടൽ അപകടങ്ങൾ ഒഴിവാക്കി. വിവരമറിഞ്ഞെത്തിയ ദേശീയപാത അധികൃതർ ശാസ്ത്രീയ പരിശോധന ഒന്നും നടത്താതെ സിമന്റിട്ട് കുഴിയടച്ച് തടിതപ്പിയതായി ആക്ഷേപം.
വിഴിഞ്ഞം മുക്കോലയിൽ പാലത്തിന് സമീപമാണ് നാലടിയോളം വീതിയിലും ആറടിയോളം താഴ്ചയിലുമുള്ള കുഴി രൂപപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ സമീപത്തെ കോഴിക്കട തുറക്കാനെത്തിയ അതിഥി തൊഴിലാളികളാണ് റോഡിന് മധ്യഭാഗത്ത് അപ്രതീക്ഷിതമായി കുഴി രൂപപ്പെട്ടത് കണ്ടെത്തിയത്. ആദ്യം ചെറുതായിരുന്ന കുഴി ഒരു വാഹനം കടന്നുപോയതോടെ കൂടുതൽ ഇടിഞ്ഞുതാണു. അപകടം മനസ്സിലാക്കിയ തൊഴിലാളികൾ വീപ്പകൾ നിരത്തി അപകട സൂചന നൽകി.
തുറമുഖ നിർമാണത്തിനാവശ്യമായ പാറ ഉൾപ്പെടെയുള്ള സാധനങ്ങളുമായി നിരവധി ടിപ്പർ ലോറികൾ ഈ സമയം എത്തിയെങ്കിലും കുഴി കാരണം വഴിമാറിപ്പോയി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രാവിലെ വിഴിഞ്ഞത്തുനിന്ന് പൊലീസെത്തി കയർ കെട്ടി താൽക്കാലികമായി ഗതാഗതം തടഞ്ഞശേഷം ദേശീയപാത അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി സിമന്റിട്ട് കുഴിയടച്ചു. റോഡ് ഗതാഗതത്തിന് തുറന്ന് നൽകിയെങ്കിലും ആശങ്ക പൂർണമായും മാറിയിട്ടില്ല. കുഴിയുണ്ടായ സർവിസ് റോഡിലൂടെ ഭാരം കയറ്റിയ ടിപ്പർ ലോറികളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.