വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം പ്രശാന്ത് നഗർ സ്വദേശി സുരേഷ് കുമാറിന്റെ ഫോർഡ് കാറിനാണ് ഞായറാഴ്ച ഉച്ചയോടെ വിഴിഞ്ഞം ചപ്പാത്തിന് സമീപം തീപിടിച്ചത്.
പൂവാർ ഭാഗത്തുനിന്ന് വിഴിഞ്ഞം ഭാഗത്തേക്കുവന്ന കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തി രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘം പുറത്തിറങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ കാറിന് തീപിടിച്ചു. തൊട്ടടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെതുടർന്ന് വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇതിനിടയിൽ കാറിന്റെ മുൻവശവും എൻജിൻ ഭാഗവും പൂർണമായി കത്തിനശിച്ചു.
ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഗ്രേഡ് എ.എസ്.ടി.ഒ. അലി അക്ബർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സതീഷ്, രാജേഷ്, ഷിജു, സന്തോഷ്, മധുസൂദനൻ, സുരേഷ്, ഹോം ഗാർഡ് സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.