കൽപറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 206.37 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തുതന്നെ മികച്ച നേട്ടം കൈവരിച്ച് വയനാട്. കഴിഞ്ഞ സാമ്പത്തിക വർഷം 186.81 കോടി രൂപയാണ് ചെലവഴിച്ചത്. 43.75 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിലൂടെ 147.61 കോടി രൂപ കൂലിയിനത്തിലും 51.47 കോടി രൂപ മെറ്റീരിയൽ ഇനത്തിലും ഈ വർഷം ചെലവഴിക്കാൻ സാധിച്ചു.
61,051 കുടുംബങ്ങളാണ് ഈ സാമ്പത്തിക വർഷം തൊഴിലിനിറങ്ങിയത്. ഇതിൽ 26358 കുടുംബങ്ങൾ നൂറു ദിനം പൂർത്തീകരിച്ചതും റെക്കോർഡായി. 15.36 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ഈ വർഷം കൂടുതൽ ഉപയോഗിച്ചതിലൂടെ 606 റോഡുകൾ, 28 കൾവർട്ടുകൾ, 31 ഡ്രെയിനേജുകൾ, എട്ട് സ്കൂളുകൾക്ക് ചുറ്റുമതിൽ, 19 സ്വയം സഹായ ഗ്രൂപ്പുകൾക്ക് വർക്ക്ഷെഡ്, 182 ജലസേചന കുളങ്ങൾ, മൂന്ന് അംഗൻവാടി കെട്ടിടം തുടങ്ങി ഗ്രാമീണ അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുന്നതിനുള്ള പ്രവൃത്തികൾ പൂർത്തിയാക്കി.
ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് 1633 സോക്ക്പിറ്റുകളും 272 കമ്പോസ്റ്റ് പിറ്റുകളും 126 മിനി എം.സി.എഫുകളും നിർമിച്ചു. കൂടാതെ 1200 ഓളം കുടുംബങ്ങൾക്ക് തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, തീറ്റപ്പുൽകൃഷി തുടങ്ങിയ വ്യക്തിഗത ആസ്തികൾ നൽകാനും സാധിച്ചു.
ജില്ലയിൽ വരൾച്ച പ്രതിരോധത്തിനായി ജല സംരക്ഷണ പ്രവൃത്തികളും പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ സാധിച്ചു. ഓരോ വാർഡിലും ഓരോ നഴ്സറി ആരംഭിച്ച് ഗ്രാമ സമൃദ്ധി എന്ന പേരിൽ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതി ഈ വർഷം ആരംഭിക്കും. തൊഴിൽ കാർഡുള്ള കർഷകർക്ക് അവരുടെ തോട്ടങ്ങളിൽ തെങ്ങ്, കവുങ്ങ്, കാപ്പി, കശുമാവ്, റംബുട്ടാൻ, മാങ്കോസ്റ്റീൻ, സപ്പോട്ട, മാവ്, പുതിയ ഇനം പ്ലാവുകൾ, ഔഷധസസ്യങ്ങൾ, പൂമരങ്ങൾ എന്നിവ നട്ടു നൽകുന്നതാണ് പദ്ധതി.
ഇതിലൂടെ അഞ്ചു ലക്ഷം തൈകൾ കർഷകർക്ക് നട്ടു നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഓരോ ഗ്രാമപഞ്ചായത്തിലും ഒന്നു വീതം ജൈവവൈവിധ്യ പാർക്കും ഔഷധസസ്യ ഉദ്യാനവും നിർമിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.