കൽപറ്റ: സമയം രാവിലെ 9.38. നെല്ലറച്ചാലില്‍ നിന്ന് കലക്ടറേറ്റ് ദുരന്തനിവാരണ കാര്യാലയത്തിലേക്ക് ആദ്യ വിളിയെത്തി. ഉരുള്‍പൊട്ടലിന്റെ ദുരന്തമുഖത്ത് നെല്ലറച്ചാല്‍. പിന്നാലെ മാനന്തവാടിയില്‍ നിന്നും വൈത്തിരിയില്‍ നിന്നുമെല്ലാം ദുരന്തത്തിലകപ്പെട്ടവരുടെ സഹായ അഭ്യർഥനകൾ. ഒട്ടും താമസിച്ചില്ല; കണ്ട്രോള് മുറികള്‍ സർവ സന്നാഹവുമായി ഉണര്‍ന്നു. മൂന്ന് താലൂക്കിലും ദുരന്തനിവാരണത്തിനായി ഇന്‍സിഡന്റ് റെസ്പോണ്‍സബിള്‍ സിസ്റ്റത്തിൽ നിന്നും അടിയന്തര സന്ദേശം. ഉടൻ ആരോഗ്യ പ്രവര്‍ത്തകരും രക്ഷാസേനയും ആംബുലന്‍സുമെല്ലാം ദുരന്തമുഖത്തേക്ക് കുതിച്ചു പായുന്നു.
അപായ സൈറന്‍ മുഴക്കി അഗ്നിരക്ഷാ സേനയടക്കം ഗ്രാമവഴികളിലൂടെ മിന്നല്‍ വേഗത്തിലെത്തുന്നു. ജീവന് രക്ഷാപ്രവര്‍ത്തനത്തില്‍ കർമനിരതരായി എല്ലാ സംവിധാനങ്ങളും ഉണര്‍ന്നതോടെ ദുരന്തലഘൂകരണമെന്ന ദൗത്യം കൈപിടിയിലൊതുങ്ങി. ജില്ലയില്‍ ഒരേസമയം അഞ്ച് കേന്ദ്രങ്ങളില്‍ നടന്ന മോക്ക് ഡ്രില്‍, ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു. സംസ്ഥാനത്തെ പ്രളയ ഉരുള്‍പൊട്ടല്‍ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ നടന്നത്. സുൽത്താൻ ബത്തേരി താലൂക്കിലെ നെല്ലാറച്ചാല്‍, മാനന്തവാടി തച്ചറക്കൊല്ലി, ആക്കൊല്ലിക്കുന്ന്, വൈത്തിരി മണ്ടമലക്കുന്ന്, കല്പറ്റയിലെ റാട്ടക്കൊല്ലി എന്നിവിടങ്ങളാണ് മോക്ക് ഡ്രില്ലിനായി തിരഞ്ഞെടുത്തത്.
ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്കി ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിച്ചാണ് മോക് ഡ്രില്‍ തുടങ്ങിയത്. പഞ്ചായത്ത് തലത്തിലുള്ള എമര്‍ജന്‍സി റെസ്പോണ്സിബിള് ടീമാണ് (ഇ.ആര്.ടി) ദുരന്ത നിവാരണത്തിന് കഴിയാതെ വന്നതോടെ താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് ജില്ല തലത്തിലുമുള്ള ഐ.ആര്.എസ് ടീമിന് വിവരം നല്‍കിയത്. കേന്ദ്രസേന, വിവിധ വകുപ്പുകള്‍, രക്ഷപ്രവര്ത്തനതിനായുള്ള സന്നദ്ധ സേനകള്‍, ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ നടന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട പോരായ്മകളും വെല്ലുവിളികളും മുന്‍കരുതലുകളും മോക്ഡ്രില്ലിലൂടെ ലഭിച്ച പാഠങ്ങളും എന്‍.ഡി.എം.എ മെംബര്‍ സെക്രട്ടറി ലഫ്റ്റന്റ് മേജര്‍ ജനറല്‍ സുധീര്‍ ബഹാനുമായി ഐ.ആര്.എസ് ടീം ഓണ്‍ലൈനിലൂടെ പങ്കുവെച്ചു.
ജില്ലയില്‍ ഐ.ആര്.എസ് ഇന്‍സിഡന്റ് കമ്മാന്റര്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഐ.ആര്.എസ് നിരീക്ഷകൻ എന്‍.ഡി.ആര്.എഫ് എസ്.ഐ വീരേന്ദ്ര കുമാര്‍, ഐ.ആര്.എസ് നിരീക്ഷകൻ കണ്ണൂര്‍ ഡി.എസ്.സി ഓഫിസിലെ എസ്. രാജശേഖരം, ഐ.ആര്.എസ് പ്ലാനിങ് സെക്ഷന്‍ ചീഫ് പി.വി. അനില്‍, ഐ.ആര്.എസ് ലോജിസ്റ്റിക് സെക്ഷന്‍ ചീഫ് ജോയിന്റ് ആര്.ടി.ഒ ടി.പി. യുസഫ്, എം.വി.ഐ പി. സുധാകരന്, ഐ.ആര്.എസ് സേഫ്റ്റി ഓഫിസര്‍ ഡെപ്യൂട്ടി ഡി.എം.ഒ സാവൻ സാറാ മാത്യു, ഐ.ആര്.എസ് മീഡിയ ഓഫിസര്‍ കെ. മുഹമ്മദ്, ഐ.ആര്.എസ് ഓപറേഷന് സെക്ഷന്‍ ചീഫ് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.യു. ബാലകൃഷ്ണന്, ഐ.ആര്.എസ് ലെയ്സണ്‍ ഓഫിസര്‍ ജോയി തോമസ്, ഐ.ആര്.എസ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അരുണ്‍ പീറ്റര്‍, ജില്ല ഹോസ്പിറ്റല്‍ മാനന്തവാടി സൂപ്രണ്ട് വി.പി. രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.
നെല്ലറച്ചാലില്‍ എന്‍.ഡി.ആര്.എഫ് ഒബ്സെര്‍വര്‍ ക്യാപ്ടന് കിഷന് സിങ്, ഡെപ്യൂട്ടി കലക്ടര്‍ കെ. ദേവകി, തഹസില്‍ദാര്‍മാരായ വി.കെ. ഷാജി, പി.കെ. ജോസഫ്, തിരുനെല്ലി ആക്കൊല്ലിക്കുന്നില് എന്‍.ഡി.ആര്.എഫ് ഒബ്സെര്‍വര്‍ എസ്.കെ. ഗുപ്ത, തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റ്യന്‍, തച്ചറക്കൊല്ലിയില്‍ രാജേന്ദ്ര സിങ്, തഹസിൽദാർ പി.യു. സിത്താര റാട്ടക്കൊല്ലിയില്‍ എന്‍.ഡി.ആര്.എഫ് ഒബ്സെര്‍വര്‍ വി.വി. അജേഷ്, തഹസില്‍ദാര്‍ ടോമിച്ചന് ആന്റണി ലക്കിടയില്‍ ഒബ്സെര്‍വര്‍ ജസ്വിന്തര്‍ സിങ്, ഡോ. ആതിര രവി തുടങ്ങിയവര്‍ നേതൃത്വം നല്കി. അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യവകുപ്പ് , മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍ ഡിഫന്‍സ് സേന തുടങ്ങി വിവിധ വിഭാഗങ്ങളും മോക് ഡ്രില്ലില്‍ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.