കൽപറ്റ: റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രൊജക്ട് നവകിരണം പദ്ധതിയില്‍ സ്വയം സന്നദ്ധ പുനരധിവാസത്തിന് തയാറായ നൂല്‍പ്പുഴ കുമിഴി വനഗ്രാമത്തിലെ ഒമ്പത് കുടുംബങ്ങളെ ഒഴിവാക്കിയതിൽ പ്രതിഷേധം. സമ്മതപത്രം ഒപ്പിട്ട 21 കുടുംബങ്ങളില്പ്പെട്ടവരെയാണ് ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് കുമിഴി സ്വയം സന്നദ്ധ പുനരധിവാസ കമ്മിറ്റി അംഗങ്ങള്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നൂല്‍പ്പുഴ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ മുത്തങ്ങ റേഞ്ചില്‍പെട്ട കുമിഴി വനഗ്രാമത്തിലെ ചില കുടുംബങ്ങളെ മാത്രം പട്ടികയില്‍ നിന്നും ഒഴിവാക്കിയത് പക്ഷപാതപരമാണ്. ഗ്രാമത്തിലെ ആദിവാസികളുള്‍പ്പെടെ എല്ലാവരും സ്വയം സന്നദ്ധ പുനരുധിവാസത്തിന് തയാറാണ്.
ഈ പട്ടിക പ്രകാരം പുനരധിവാസം നടന്നാല്‍ തൊട്ടടുത്തുള്ള വീട്ടുകാര്‍ ഒഴിഞ്ഞു പോകുന്നതോടെ 500 മീറ്ററിലധികം ദൂരത്ത് മറ്റ് വീടുകൾ ഒറ്റപ്പെട്ടുപോകും. പണം ലഭിക്കുന്ന മുറക്ക് ലിസ്റ്റിലുള്ള ആളുകള്‍ പോകുന്നതോടെ അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് കുമിഴി വനഗ്രാമത്തിലെ ജീവിതം ഏറെ ദുസ്സഹമാകും.
ഇപ്പോള്‍ തന്നെ വന്യജീവി ശല്യം അതിരൂക്ഷമാണ്. റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രൊജക്ട് നവകിരണം പദ്ധതിയില്‍ കുറഞ്ഞ തുക മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽ ഒരു ഗ്രാമത്തിലെ ഒരേ കുടുംബത്തിലെ ചിലര്‍ പദ്ധതിയില്‍ പുറത്തു പോവുകയും തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് ഫണ്ടില്ലാതെ വരുന്നതും പ്രയാസമാണ്. പ്രായപൂര്‍ത്തിയായവരെ യോഗ്യതാകുടുംബമായി കണക്കാക്കി ഒരു കുടുംബത്തിന് 15 ലക്ഷം രൂപയാണ് നല്‍കുക. അമ്മയേയും അച്ഛനേയും കൂടാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് 15 ലക്ഷം വീതം നല്‍കുന്നതാണ് പദ്ധതി. അതേസമയം 2019ന് ശേഷം രജിസ്ട്രേഷന് നടത്തിയ ആളുകളെ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും എഗ്രിമെന്റ് നല്‍കാത്ത കുടുംബങ്ങളുമുണ്ട് പ്രദേശത്ത്. വിവാഹം കഴിപ്പിച്ചയച്ച മക്കളെ കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. അപേക്ഷ നല്‍കിയിട്ടും 18 വയസ് പൂര്‍ത്തിയായ മക്കളെ ഉള്‍പ്പെടുത്തിയില്ലെന്നും പരാതിയുണ്ട്. ഏതാനും പേരെ മാത്രം മാറ്റിപ്പാര്‍പ്പിക്കാതെ സന്നദ്ധരായ മുഴുവന്‍ താമസക്കാരെയും ഐ.ഡി.ഡബ്ല്യു.എച്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറ്റിപ്പാര്‍പ്പിക്കണം.വിഷയത്തില്‍ മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന്, ആര്.കെ.ഡി.പി ഉദ്യോഗസ്ഥര്‍, എം.എല്‍.എ എന്നിവര്‍ക്ക് പരാതി നല്‍കും. ചിന്നമ്മ, ശാന്തകുമാരി, പി.കെ. ശ്രീജ, ശോഭനകുമാരി, കെ.ആര്. സതീഷ് കുമാര്‍, കെ. വിശ്വനാഥന്, കെ.എ. പുരുഷോത്തമന് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.