ലഹരികടത്ത് പിടികൂടാൻ പൊലീസ് ഡ്രോൺ പരിശോധന നടത്തുന്നു
കൽപറ്റ: ലഹരികടത്തും കച്ചവടവും വ്യാജവാറ്റും മറ്റു കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ ട്രോൺ പരിശോധനയുമായി വയനാട് പൊലീസ്. ലഹരികടത്ത് തടയാൻ ഊടുവഴികളിലടക്കം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആകാശക്കണ്ണൊരുക്കി കാത്തിരിക്കുന്നുണ്ട് പൊലീസ്.
കൃത്യമായ ദൃശ്യങ്ങളുടെ സഹായത്തോടെ ലഹരികടത്തുകാരെയും ഇടപാടുകാരെയും അതിവേഗം പിടികൂടാന്‍ ഇനി പൊലീസിനാകും. ഡ്രോണിന്റെ സഹായത്തോടെ ഈ ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി മയക്കുമരുന്ന് കേസിൽ അഞ്ചു പേരെ പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിലായി മലപ്പുറം ചെമ്മങ്കോട് സ്വദേശി സൈഫുറഹ്മാൻ (29), അമ്പലവയൽ കിഴക്കയിൽ വീട്ടിൽ ജംഷീർ (28), പെരിക്കല്ലൂർ വെട്ടത്തൂർ ഉന്നതിയിലെ കാർത്തിക് (18), നടവയല്‍, പായ്ക്കമൂല ഉന്നതിയിലെ മഹേഷ് (21), ഉണ്ണി (19) എന്നിവരെയാണ് പിടികൂടിയത്. മദ്യകടത്ത്, വ്യാജ വാറ്റ്, ചീട്ടുകളി തുടങ്ങിയ കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നവരെ കുരുക്കാൻ ഡ്രോണ്‍ നിരീക്ഷണമുണ്ടാവും.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലേക്ക് ലഹരി ഒഴുകുന്ന സാഹചര്യത്തില്‍ വയനാട് പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാണ്. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.