കൽപറ്റ: വെണ്ണിയോട്-പള്ളിക്കുന്ന് റോഡിൽ മൈലാടിയിൽ ചെറിയ മഴ പെയ്താൽപോലും വെള്ളം കെട്ടിനിന്ന് വാഹനങ്ങൾക്കും കാൽനടക്കാർക്കും ദുരിതം വിതക്കുന്നത് പതിവാകുന്നു. കാലവർഷം എത്തുന്നതോടെ റോഡിലൂടെ യാത്ര അതി ദുഷ്കരമാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജില്ല പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിട്ട് നവീകരണം ഒരാഴ്ച മുമ്പ് പൂർത്തീകരിച്ച റോഡാണിത്. ഔപചാരിക ഉദ്ഘാടനം കഴിയുന്നതിനു മുമ്പുതന്നെ റോഡിൽ വെള്ളക്കെട്ട് നിത്യസംഭവമാകുകയാണ്.
റോഡിന് ഓവുചാൽ നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. കമ്പളക്കാട്, വെണ്ണിയോട്, പടിഞ്ഞാറത്തറ, മെച്ചന ഭാഗത്തേക്കുള്ള പ്രധാന പാതയുടെ ഭാഗമാണ് തോടിന് സമാനമായി മാറുന്നത്. മേലെ മൈലാടി മുതലുള്ള മഴവെള്ളം മൂന്നു വർഷം മുമ്പുവരെ സ്വഭാവികമായി ഒഴുകിപ്പോയിരുന്ന വഴികളൊക്കെ സ്വകാര്യ വ്യക്തികൾ മണ്ണിട്ടുയർത്തിയും റോഡുകൾ നിർമിക്കുകയും ചെയ്തു. അതിനാൽ, താഴ്ന്ന ഭാഗമായ മൈലാടിയിൽ എത്തിയിരുന്ന വെള്ളം അവിടത്തെ സ്വകാര്യ തോട്ടത്തിലൂടെയായിരുന്നു ഒഴുകിപ്പോയിരുന്നത്. തോട്ടത്തിലെ കാപ്പി, കുരുമുളക്, ഇഞ്ചി കൃഷികൾ നശിക്കുന്നത് പതിവായതോടെ ഇത്തവണ തോട്ടമുടമ സ്ഥലം മണ്ണിട്ടുയർത്തി. ഇതോടെയാണ് വെള്ളക്കെട്ട് റോഡിൽ രൂപപ്പെട്ടത്.
മദ്റസ, സ്കൂൾ വിദ്യാർഥികൾക്കടക്കം നാട്ടുകാർക്ക് ഇതിലെ നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. ബൈക്കുകൾക്കും വെള്ളക്കെട്ട് ഭീഷണിയാണ്. വലിയവാഹനങ്ങൾ കടന്നുപോവുമ്പോൾ കാൽനടക്കാർ ചളിയിൽ കുളിക്കേണ്ടിവരും. 50 മീറ്ററോളം നീളത്തിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ സമീപത്തെ കിണറുകളിലെ വെള്ളം കലങ്ങാൻ തുടങ്ങിയിട്ടുണ്ട്. വീടുകളുടെ മുറ്റത്തേക്കും മലിനവെള്ളം ഒഴുകിയെത്തുന്നു. തൊട്ടടുത്ത കലുങ്കിലേക്ക് ഓവുചാൽ നിർമിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കി യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. ഓവുചാൽ നിർമിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.