കൽപറ്റ: ‘‘മറ്റൊരു ഗവ. മെഡിക്കൽ കോളജിലേക്ക് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ റഫർ ചെയ്യുന്ന ലോകത്തിലെ ഏക ഗവ. മെഡിക്കൽ കോളജാണ് മാനന്തവാടിയിലേത്.’'
കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് പുതുശ്ശേരി നരിക്കുന്നിൽ പള്ളിപ്പുറത്ത് തോമസ് മരിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച കുറിപ്പുകളിലൊന്നാണിത്.
മാനന്തവാടിയിലെ ജില്ല ആശുപത്രി 2021ൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി ഗവ. മെഡിക്കൽ കോളജായി ഉയർത്തി ബോർഡ് സ്ഥാപിച്ചതല്ലാതെ ചികിത്സ സൗകര്യങ്ങളുടെ കാര്യത്തിൽ ഒരടിപോലും മാറ്റമുണ്ടായിട്ടില്ലെന്നാണ് തോമസിന്റെ മരണം അടിവരയിടുന്നത്. മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മെഡിക്കൽ കൗൺസിലിന്റേതുൾപ്പെടെ അനുമതി ലഭിക്കാത്തതിനാൽ ആവശ്യമായ ഫണ്ടുപോലും ലഭിക്കുന്നില്ല.
ജില്ല ആശുപത്രിയിലെ ചികിത്സസൗകര്യം പോലും ഇപ്പോൾ മാനന്തവാടിയിൽ കിട്ടുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. ഗവ. മെഡിക്കൽ കോളജ് എവിടെ നിർമിക്കണമെന്ന വിവാദങ്ങൾ ഇപ്പോഴും ഒരുവഴിക്ക് നടക്കുമ്പോഴും മെച്ചപ്പെട്ട ചികിത്സ സൗകര്യം ഇവിടത്തെ സാധാരണക്കാർക്ക് അന്യമാകുകയാണ്.
ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയശേഷം പുതുതായി 140 തസ്തികകൾ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയെങ്കിലും കുറച്ച് താൽക്കാലിക നിയമനം നടത്തിയതല്ലാതെ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. വൈദ്യുതി ബിൽ ഉൾപ്പെടെയുള്ള ചെലവുകളിലായി മൂന്നു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്.
ഇപ്പോൾ വരുമാനമായി ലഭിക്കുന്ന 30 ലക്ഷത്തോളം രൂപയിൽ 18 ലക്ഷത്തിലധികം രൂപ ശമ്പളയിനത്തിൽ നൽകാൻ മാത്രം ചെലവാകുന്നുണ്ട്. മെഡിക്കൽ കോളജിന്റെ നടത്തിപ്പിന്റെ ചുമതലയുള്ള ഹോസ്പിറ്റൽ ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാനായി ജില്ല കലക്ടറും അതിനുപുറമെ മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഉണ്ടെങ്കിലും ഇപ്പോഴും ജില്ല ആശുപത്രി സൂപ്രണ്ടാണ് കാര്യങ്ങൾ നോക്കിനടത്തുന്നത്.
മെഡിക്കൽ കോളജായതോടെ കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തെ ജില്ല പഞ്ചായത്തിന്റെ മൂന്നു കോടിയുടെ ഫണ്ടും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ല ആശുപത്രിക്കായി നേരത്തെ നിർമാണം ആരംഭിച്ച മൾട്ടി പർപസ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത് മാത്രമാണ് ഏക ആശ്വാസം.
ഫലത്തിൽ മെഡിക്കൽ കോളജായി ഉയർത്തിയതോടെ ആരോഗ്യവകുപ്പിൽനിന്ന് നടത്തിപ്പിനായി ഫണ്ട് ലഭിക്കുന്നില്ലെന്ന് മാത്രമല്ല ജില്ല ആശുപത്രിക്ക് ലഭിച്ചുകൊണ്ടിരുന്ന ഫണ്ട് പോലും ഇല്ലാതാകുകയും ചെയ്തു. മെഡിക്കൽ കോളജിന് ആവശ്യമായ സൗകര്യമില്ലാത്തതിനാലാണ് തന്റെ സഹോദരൻ രക്തം വാർന്ന് മരിച്ചതെന്നാണ് കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ സഹോദരൻ ബൈജു മാസ്റ്റർ വയനാട് എം.പി രാഹുൽ ഗാന്ധിയോട് ഫോണിലൂടെ അറിയിച്ചത്.
മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിൽ മെച്ചപ്പെട്ട ചികിത്സ സൗകര്യമൊരുക്കാൻ ഇനിയും വൈകിയാൽ വന്യജീവി ആക്രമണങ്ങളിലും മറ്റു അപകടങ്ങളിലുമായി ഗുരുതരമായി പരിക്കേൽക്കുന്നവരുമായി ഇനിയും ആംബുലൻസുകൾ ചുരമിറങ്ങേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.