മാനന്തവാടി: പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ആരംഭിച്ച ഗോത്ര സാരഥി പദ്ധതി പ്രകാരം ഫണ്ട് െചലവഴിക്കാൻ കഴിയാതെ മാനന്തവാടി നഗരസഭ. അധ്യയന വർഷത്തെ ആരംഭത്തിലെ മൂന്നു മാസത്തെ ഗോത്രസാരഥി പദ്ധതിയുള്ള വാഹനത്തിന്റെ വാടക പട്ടികവർഗ വകുപ്പാണ് നൽകേണ്ടത്.
എന്നാൽ, ഫണ്ടില്ലാത്തതിനാൽ എന്ന് നൽകാൻ കഴിയുമെന്ന് പറയാൻ പോലും അധികൃതർക്കാവാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ ഗോത്രസാരഥി പദ്ധതി നടത്തിപ്പിനായി മാനന്തവാടി നഗരസഭ 12 ലക്ഷം രൂപ നീക്കിവെച്ചിരുന്നു.
തുടർന്ന് ഗോത്രസാരഥി പദ്ധതി നടപ്പാക്കാൻ പട്ടികവർഗ വികസന വകുപ്പിനോട് സ്കൂളുകളുടെ പട്ടികയും നഗരസഭ ആവശ്യപ്പെട്ടു. എന്നാൽ, ഒരു മാസമായിട്ടും പട്ടിക പോലും നൽകാൻ വകുപ്പ് തയാറായിട്ടില്ല. വകുപ്പിൽനിന്ന് ഫണ്ട് ലഭിക്കാതിരുന്നിട്ടും നഗരസഭ സ്വന്തം നിലക്ക് ഫണ്ട് അനുവദിച്ചിട്ടും അതുപോലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഇതോടെ ഗോത്രസാരഥി പദ്ധതിക്കായി വിദ്യാർഥികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹന ഉടമകളാണ് പ്രതിസന്ധിയിലായത്. ഭൂരിഭാഗംപേരും കടം വാങ്ങിയാണ് ഇതുവരെ ഡീസലടിച്ചത്. പ്രതിസന്ധി തുടരുന്നതിനാൽ വാഹന ഓട്ടം നിർത്തിവെക്കാനുള്ള നീക്കത്തിലാണ് വാഹന ഉടമകളും ഡ്രൈവർമാരും.
മാനന്തവാടി നഗരസഭ പരിധിയിലെ ഭൂരിഭാഗം സ്കൂളുകളിലും ഗോത്രസാരഥി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം ഫണ്ട് കൈമാറുന്നതിന് പട്ടികവർഗ വകുപ്പിൽനിന്നാവശ്യമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. നടപടികൾ വൈകിയാൽ ഗോത്രസാരഥി പദ്ധതി മാനന്തവാടി നഗരസഭയിൽ അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.